തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് കെ.മുരളീധരൻ എം.പി ആരോപിച്ചു. മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും സി.പി.എം എൻ.എസ്.എസിനെ തള്ളി ആർ.എസ്.എസിനെ ഉൾക്കൊള്ളുകയാണ് ചെയ്തെന്നും മുരളീധരൻ ആരോപിച്ചു. വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നൽകിയ പിന്തുണയെ കുറിച്ച് എൽ.ഡി.എഫ് തെറ്റായ പ്രചാരണം നടത്തിയെന്നും മുരളീധരൻ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കുമ്മനം രാജശേഖരൻ മാറി എസ്.സുരേഷ് വന്നതോടെ ബി.ജെ.പി ഫീൽഡിൽ നിന്നും പോയി. ജാതിസമവാക്യങ്ങളെല്ലാം മാറിയെന്നാണ് ഇപ്പോൾ എൽ.ഡി.എഫ് പറയുന്നത്. എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പച്ചയായി ജാതി പറഞ്ഞാണ് പല ഈഴവ കുടുംബങ്ങളിൽ ചെന്ന് വോട്ട് പിടിച്ചത്. വട്ടിയൂർക്കാവിൽ യു.ഡി.എഫ് ജയിച്ചാൽ ക്രഡിറ്റ് മുഴുവൻ എൻ.എസ്.എസിനായിരിക്കുമെന്നും അനുരുദ്ധന് ശേഷം ഒരു എം.എൽ.എപോലും ഈഴവ വിഭാഗത്തിലുണ്ടായിട്ടില്ലെന്നും പറഞ്ഞ് ഒരു സംഘം എല്ലാ വീടുകളിലും കയറിയിറങ്ങിയെന്നും മുളീധരൻ ആരോപിച്ചു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു സ്റ്റാന്റ് എടുത്തതുകൊണ്ടാണ് എൻ.എസ്.എസ് യു.ഡി.എഫിനെ പിന്തുണച്ചത്. ഇടതുപക്ഷം വിശ്വാസികൾക്ക് എതിരായിരുന്നു. ബി.ജെ.പിയുടേത് കപട വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ സ്റ്റാന്റ് എടുത്ത യു.ഡി.എഫിന്റെ നിലപാടിനോടാണ് ഞങ്ങൾക്ക് യോജിപ്പെന്ന് എൻ.എസ്.എസ് പറഞ്ഞത്. ഒരു ഹൈന്ദവ വിഭാഗത്തിൽപ്പെട്ട സംഘടനയായ എൻ.എസ്.എസ് ഹൈന്ദവ വർഗീയതയ്ക്കെതിരെ സ്വീകരിച്ച നിലപാട് ഇപ്പോൾ ആരും കണ്ടില്ലെന്ന് നടിക്കുകയാണ്. എൻ.എസ്.എസ് സ്വീകരിച്ച ശക്തമായ മതേതര നിലപാടാണ് ആർ.എസ്.എസിന് പ്രകോപനമുണ്ടാക്കാൻ കാരണമായത്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, പുരോഗമനം പറയുന്ന ഇടതുപക്ഷം എൻ.എസ്.എസിനെ തള്ളി ആർ.എസ്.എസിനെ ഉൾക്കൊണ്ടതിന്റെ താൽക്കാലിക വിജയമാണ് വട്ടിയൂർക്കാവിൽ ഉണ്ടായത്- മുരളീധരൻ പറഞ്ഞു.
അതേസമയം, വട്ടിയൂർക്കാവിൽ യു.ഡി.എഫിനെ പിന്തുണച്ച പരമ്പരാഗത വോട്ടർമാരിൽ ഒരു മനം മാറ്റം സംഭവിച്ചിട്ടുണ്ട്. അത് പാർട്ടി വ്യക്തമായി പരിശോധിച്ച് ഭാവിയിൽ നടപടി സ്വീകരിക്കും. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. കാരണം, ഞാൻ മത്സരിച്ചപ്പോൾ നടന്നതിനേക്കാൾ നല്ല പ്രചാരണം മണ്ഡലത്തിൽ നടന്നിട്ടുണ്ട്. പക്ഷേ അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇവിടെ തിരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് പ്രളയകാലത്ത് വി.കെ പ്രശാന്തിനെ ഒരു ബ്രോ മേയർ എന്ന് പറഞ്ഞ് സി.പി.എം അവതരിപ്പിച്ചു. എന്നാൽ പ്രളയ ദുരിതാശ്വാസത്തിനായി സാധനങ്ങൾ എത്തിച്ചത് ഇവിടത്തെ റെഡ് ക്രോസ് സൊസൈറ്റികളും റെസിഡൻഷ്യൽ അസോസിയേഷനുകളുമാണ്. ആ സാധനങ്ങൾ കൊണ്ടു പോകുന്നതിന്റെ വാഹനത്തിന് കോടി കാണിക്കുക മാത്രമാണ് പ്രശാന്ത് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു.
എൽ.ഡി.എഫിനായി ഒരു ചെറുപ്പക്കാരൻ സ്ഥാനാർത്ഥിയായി വന്നതിന്റെ മെച്ചം അവർക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ അതൊന്നും ഇത്ര വോട്ടിന് ജയിക്കാനുള്ള കാരണങ്ങളല്ല. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയും മികച്ചത് തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷമായി അദ്ദേഹം ഒരു ഭരണഘടന സ്ഥാപനത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ജനങ്ങളുമായി സമ്പർക്കം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |