SignIn
Kerala Kaumudi Online
Monday, 27 April 2026 5.47 AM IST

ആലുവയിൽ മണൽക്കടത്ത് രൂക്ഷം,​ പൊലീസ് ഒത്താശയെന്ന് ആക്ഷേപം

Increase Font Size Decrease Font Size Print Page
vanchi

ആലുവ: പെരിയാറിൽ നിന്നുള്ള അനധികൃത മണൽക്കടത്ത് രൂക്ഷമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആലുവ കുഞ്ഞുണ്ണിക്കരയിലെയും തുരുത്തിലെയും മാഫിയകളുടെ മണൽക്കടത്ത്.

ദിവസേന ഒരു സംഘം 30 ലോഡ് മണൽ വരെ കടത്തും. 21,000 മുതൽ 25,000 രൂപ വരെയാണ് ഒരു ലോഡിന്റെ വില. മണൽ വാരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു ലോഡിന് നൽകുന്നത് 10,000 രൂപയാണ്. ബാക്കി തുക മണൽമാഫിയയ്ക്കാണ്. മണൽ വഞ്ചിയിൽ ഘടിപ്പിക്കുന്ന യമഹ മോട്ടറിൽ ഡീസൽ ചെലവും കഴിഞ്ഞാൽ ബാക്കി തുക സംഘത്തിന് ലഭിക്കും. ഇതിൽനിന്നും പൊലീസിന്റെ മാമൂലും കിഴിച്ചാലും ഒരു രാത്രി മാത്രം മണൽമാഫിയ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.

കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ, മണപ്പുറം, യു.സി.കോളേജ്, വെളിയത്തുനാട്, കമ്പനിപ്പടി, ദേശം ഭാഗങ്ങളിലെല്ലാം മണൽക്കടത്തുണ്ട്. രാത്രി ഒമ്പത് മണിയോടെ ആരംഭിക്കുന്ന മണൽക്കടത്ത് പുലർച്ചെ വരെ നീളും.

കുഞ്ഞുണ്ണിക്കര സംഘം മൂന്നായി

കുഞ്ഞുണ്ണിക്കരയിലെ മണൽമാഫിയ നിലവിൽ മൂന്നായി പിരിഞ്ഞ അവസ്ഥയിലാണ്. സഹോദരങ്ങൾ അടങ്ങുന്ന സംഘം മണപ്പുറത്തെ സംഘവുമായി ഏറ്റുമുട്ടിയതോടെ റിമാൻഡിലായി. കേസ് തീരുന്നത് വരെ വിട്ടുനിൽക്കാനാണ് ഇവരുടെ തീരുമാനം. മറ്റൊരു സംഘം അടുത്തിടെ തെറ്റിപ്പിരിഞ്ഞു. ഒരുമിച്ചായിരുന്നപ്പോൾ വാങ്ങിയ വഞ്ചിയിൽ ഘടിപ്പിക്കുന്ന മോട്ടറിന്റെ പേരിൽ ഒരാൾ പൊലീസിൽ മോഷണ പരാതി നൽകി. മോഷണമല്ലെന്നറിഞ്ഞിട്ടും മോട്ടർ വീട്ടിൽ സൂക്ഷിച്ചിരുന്നയാളെ പൊലീസ് വിളിച്ചുവരുത്തി മർദ്ദിച്ചതായാണ് വിവരം. നിലവിൽ കുഞ്ഞുണ്ണിക്കര മേഖലയിൽ ഒരാളാണ് പ്രധാന മണൽക്കടത്തുകാരനായുള്ളത്.

അടുത്തിടെ സ്ക്വാഡിൽപ്പെട്ട ഒരു പൊലീസുകാരനെ മണൽമാഫിയ കുഞ്ഞുണ്ണിക്കരയിൽനിന്നും മാർക്കറ്റ് ഭാഗം വരെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഉളിയന്നൂരിലെ കടവിൽ അനധികൃത മണൽ ശേഖരം കണ്ടെത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പരുന്തുറാഞ്ചി മണപ്പുറം മണലൂറ്റുകാർ റാഞ്ചി

പെരിയാറിന് നടുവിലെ മനോഹരമായ പരുന്തുറാഞ്ചി മണപ്പുറം മണൽമാഫിയ കൈയടക്കിയ അവസ്ഥയിലാണ്. 40 ഏക്കർ ഉണ്ടായിരുന്ന മണപ്പുറം നിലവിൽ പകുതിപോലുമില്ല. മണപ്പുറത്തിന്റെ നടുവിൽ തോടായി മാറി. സർക്കാർ പലവട്ടം പ്രഖ്യാപിച്ച പരുന്തുറാഞ്ചി ഇക്കോ ടൂറിസം പദ്ധതികളെല്ലാം ജലരേഖയായി.

ആലുവ ഗോൾഡ്

'ആലുവ ഗോൾഡ്' എന്നറിയപ്പെടുന്ന പെരിയാറിലെ മണലിന് ഡിമാന്റ് കൂടുതലാണ്. ചെളിയുടെയും ഉപ്പിന്റെയും അംശം കുറവാണ് പ്രധാനകാരണം. ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള ഏജന്റുമാരും ഇവിടെയുണ്ട്.

TAGS: LOCAL NEWS, ERNAKULAM, PERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.