
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണ് കൂടുതലെന്നാണ് റിപ്പോർട്ട്. അതേസമയം, വി ഡി സതീശന്റെ പക്ഷത്തുനിന്നും ചില പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന വാർത്തകൾ വി ഡി സതീശൻ പക്ഷം നിഷേധിച്ചിരിക്കുകയാണ്. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടതെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയായില്ലെങ്കിൽ മറ്റൊരു സ്ഥാനമാനങ്ങളും വേണ്ടെന്ന് വി ഡി സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചുവെന്നും ഒരു മാദ്ധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശൻ അറിയിച്ചിരുന്നു.
ഹൈക്കമാൻഡ് പ്രതിനിധികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്നായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഞായറാഴ്‌ചയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമേ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ ഹൈക്കമാൻഡ് പ്രതിനിധികൾ തേടും. നിരീക്ഷകർ ഡൽഹിയിൽ തിരികെ എത്തിയ ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |