
കോട്ടയം : സി.പി.എം പ്രവർത്തകർ സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് ക്രോസ് വോട്ട് ചെയ്തത് ഇടതുമുന്നണിയുടെ വൻപരാജയത്തിന് കാരണമായതായി കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയിൽ കുറ്റപ്പെടുത്തൽ. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച 12 സീറ്റിലും സമ്പൂർണ പരാജയത്തിന് ഇതുവഴിയൊരുക്കി
. ചെയർമാൻ ജോസ് കെ.മാണി പാലായിൽ പരാജയപ്പെട്ടത് 2991 വോട്ടുകൾക്കാണ്. 2021ലെ തിരഞ്ഞെടുപ്പിൽ ഇതിലും പ്രതികൂല സാഹചര്യത്തിൽ നേടിയതിലും 6000 വോട്ട് ഈ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് സി.പി.എം പ്രവർത്തകർ മാണി സി.കാപ്പന് ക്രോസ് വോട്ട് ചെയ്തതിനാലാണ്. സി.പി.എമ്മിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പല അംഗങ്ങളും രൂക്ഷവിമർശനം നടത്തി.
'നന്നായി ഭരിക്കുക മാത്രമല്ല, ജനക്ഷേമകരമായി ചെയ്ത വികസന നേട്ടങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിലും നേതൃത്വത്തിന് പരാജയം സംഭവിച്ചു. ഇത് പരിശോധനാ വിഷയമാക്കണം. ഇടതു സർക്കാരിന്റെ ഭരണ വിരുദ്ധതയെ അതിജീവിക്കാൻ സിറ്റിംഗ് എം.എൽഎമാരായ സ്ഥാനാർത്ഥികളുടെ ജനകീയതയ്ക്ക് പോലും കഴിഞ്ഞില്ല. ഇടതുമുന്നണി വിട്ട് യു.ഡി.എഫ് ഘടകകക്ഷിയാകാനുള്ള സുവർണാവസരം നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ലഭിച്ചിട്ടും അത് അട്ടിമറിച്ചത് റോഷി അഗസ്റ്റിനും, പ്രമോദ് നാരായണനുമാണെന്ന് മലബാർ മേഖലയിൽ നിന്നുള്ള അംഗങ്ങൾ വിമർശിച്ചു. താഴെത്തട്ടു മുതൽ യോഗം വിളിച്ച് സമ്പൂർണ പരാജയം ചർച്ച ചെയ്തുള്ള റിപ്പോർട്ട് ജൂൺ 15 ന് ഇടതു മുന്നണി യോഗത്തിന് മുൻപ് തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |