
കൈമാറിയത് പാകിസ്ഥാൻ വഴി
ഗൾഫിൽ വീണ്ടും ആക്രമണം
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കാര്യത്തിൽ ഇറാന്റെ പ്രതികരണം പാകിസ്ഥാൻ മുഖേന യു.എസിന് കൈമാറി. ധാരണാപത്രം ഇറാൻ അംഗീകരിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ല. വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തള്ളിയാൽ ഏതുനിമിഷവും യു.എസ് ആക്രമണം പുനരാരംഭിച്ചേക്കാം. സമാധാന ശ്രമം പരാജയപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഒറ്റ പേജുള്ള 14 നിർദ്ദേശങ്ങൾ അടങ്ങിയ ധാരണാപത്രത്തിൽ ഇറാനും യു.എസും ഒപ്പിട്ടാൽ യുദ്ധം ഉടൻ അവസാനിക്കും. തുടർന്ന് 30 ദിവസം കൊണ്ട് ആണവ കരാറിലെത്തണം.
അതേസമയം ഇന്നലെ യു.എ.ഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ഖത്തർ തീരത്ത് ബ്രിട്ടീഷ് ചരക്കുക്കപ്പലിന് തീപിടിച്ചു. ആളപായമില്ല. പശ്ചിമേഷ്യയിൽ യു.എസിനെ സഹായിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്നും ഹോർമുസിൽ തങ്ങളുടെ കപ്പലുകളെ ലക്ഷ്യമിട്ടാൽ തിരിച്ചടിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയ പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ യു.എസ് ആക്രമിച്ചിരുന്നു.
# ഇറാന്റെ നിലപാട്
വെടിനിറുത്തൽ നീട്ടുന്നതിന് പകരം, യുദ്ധം പൂർണമായി നിറുത്തണം
രാജ്യത്തെ യുറേനിയം ശേഖരം യു.എസിന് നൽകാൻ താത്പര്യമില്ല
ഉപരോധങ്ങൾ മുഴുവൻ നീക്കിയാൽ ഇളവുകൾക്ക് തയ്യാറാകാം
# നഷ്ടം 100 കോടി ബാരൽ
യുദ്ധം മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആഗോളവിപണിയ്ക്ക് നഷ്ടപ്പെട്ടത് ഏകദേശം 100 കോടി ബാരൽ എണ്ണയെന്ന് സൗദിയുടെ അരാംകോ സി.ഇ.ഒ അമീൻ നസർ. ഹോർമുസിലൂടെയുള്ള എണ്ണ വ്യാപാരം ഉടൻ തുടങ്ങിയാൽ പോലും വിപണി പഴയപടിയാകാൻ മാസങ്ങൾ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |