SignIn
Kerala Kaumudi Online
Tuesday, 12 May 2026 4.04 PM IST

കളമശേരി നഗരസഭാ പരിധിയിൽ കന്നുകാലികൾ വിലസുന്നു

Increase Font Size Decrease Font Size Print Page

* യാത്രക്കാർ ഭീതിയിൽ

കളമശേരി: കളമശേരി നഗരസഭയിലെ വിവിധയിടങ്ങളിലും പ്രധാന നിരത്തുകളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഭീഷണി ഉയർത്തുന്നു. എച്ച്.എം.ടി റോഡ്, സീപോർട്ട് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ കന്നുകാലികൾ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർക്ക് അപകടങ്ങളും മരണങ്ങളും ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളും പതിവായതോടെ നിരവധി പരാതികളുയർന്നിരുന്നു. നടപടിയെടുക്കാൻ കളമശേരി നഗരസഭാ കൗൺസിൽ തീരുമാനിച്ചെങ്കിലും വാഹനമില്ലെന്ന കാരണത്താൽ ഉദ്യോഗസ്ഥർ തയ്യാറായില്ല.

തുടർന്ന് 2025 ജനുവരിയിൽ അലഞ്ഞുനടന്ന 3 പശുക്കളെയും 3 കാളകളെയും അന്നത്തെ കൗൺസിലർ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ പിടികൂടി കങ്ങരപ്പടിയിലെ ആനിമൽ പൗണ്ടിലാക്കി. നിശ്ചിത ദിവസത്തിനുള്ളിൽ ഉടമസ്ഥർ പിഴയടച്ച് കാലികളെ ഏറ്റുവാങ്ങിയില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അറിയിച്ചതോടെയാണ് റോഡിലെ കന്നുകാലിശല്യം കുറഞ്ഞത്.

എൻ.എ.ഡി റോഡ് പരിസരത്തും പാടത്തും പൊതു പറമ്പുകളിലും മേയാൻ വിടുന്നത് തുടരുന്നുണ്ട്. പോത്തുകുട്ടികളെ വിലയ്ക്കുവാങ്ങി എൻ.എ.ഡി റോഡിലെ തരിശുകിടക്കുന്ന വിശാലമായ നെൽപ്പാടത്ത് വിട്ട് വളർത്തി ഒരുവർഷത്തിനുശേഷം കശാപ്പിന് വിൽക്കുന്നത് ഇവിടെ വർഷങ്ങളായി തുടരുന്ന പരിപാടിയാണ്. പോത്തുകളെ മോഷ്ടിച്ചുകൊണ്ടുപോകൽ പതിവാക്കിയതോടെയാണ് ഈ ലാഭക്കച്ചവടം അവസാനിപ്പിച്ചത്. മാസങ്ങൾക്കുമുമ്പ് തൊഴുത്തിൽനിന്ന് കാലികളെ കടത്താൻ ശ്രമിച്ചവരെ പിടികൂടിയതും വാർത്തയായിരുന്നു.

അതേസമയം കഴിഞ്ഞിടെ കൈപ്പടമുഗളിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ ഉടമയുടെ വിവരങ്ങൾ മറച്ചുവയ്ക്കാക്കാൻ സംഘടിതശ്രമം നടക്കുന്നതായി ആരോപണമുണ്ട്. കേസെടുത്തെങ്കിലും പോത്തിനെ കസ്റ്റഡിയിലെടുക്കാനോ ഉടമസ്ഥന്റെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താനോ തയ്യാറായിട്ടില്ല. പൊലീസിന്റെ ഒത്താശയോടെയാണ് ഈ നടപടിയെന്ന് സൂചനയുണ്ട്.

പരാതിപ്പെടാം

കന്നുകാലികൾ കാരണം ഗതാഗതതടസവും അപകടവുമുണ്ടായാൽ തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊലീസ് സ്റ്റേഷൻ, സഞ്ചയ് സിറ്റിസൺ കോർണർ പോർട്ടൽ എന്നിവിടങ്ങളിൽ പരാതി നൽകാം.

കന്നുകാലികൾ ഇല്ലാത്തതിനാൽ നഗരസഭയുടെ ആനിമൽ പൗണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പരാതിപ്പെട്ടാൽ കർശന ന‌ടപടിയുണ്ടാകും.

ജമാൽ മണക്കാടൻ, ചെയർമാൻ കളമശേരി നഗരസഭ

TAGS: LOCAL NEWS, ERNAKULAM, CATTLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL