
തിരുവനന്തപുരം: മകളുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മാലമോഷണക്കേസിൽ കുടുക്കി പ്രവാസിയെ 54ദിവസം ജയിലിലിട്ട സംഭവത്തിൽ അദ്ദേഹത്തിനും കുടുബംത്തിനും സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. തലശ്ശേരി കതിരൂർ സ്വദേശി വി.കെ.താജുദ്ദീനാണ് പൊലീസിന്റെ കള്ളക്കേസിൽ കുടുങ്ങിയത്. അദ്ദേഹത്തിന് 10ലക്ഷവും മാനസികപീഡനം നേരിട്ട ഭാര്യയ്ക്കും മൂന്നു മക്കൾക്കും ഓരോലക്ഷം വീതവുമാണ് ലഭിക്കുക. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. കൃത്യവിലോപം നടത്തിയ കണ്ണൂർ ചക്കരയ്ക്കൽ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരിൽ നിന്ന് ഈ തുക തിരിച്ചുപിടിക്കാനും പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകി. ശമ്പളത്തിനും മറ്റു ചെലവുകൾക്കും സർക്കാർ നൽകുന്ന നോൺപ്ലാൻ ഫണ്ടിൽ നിന്ന് 30 ദിവസത്തിനകം പണം നൽകണം. എസ്.ഐ പി.ബിജു, എ.എസ്.ഐമാരായ യോഗേഷ്, ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്നാണ് നഷ്ടപരിഹാരത്തുക തിരിച്ചുപിടിക്കുക.
2018 ജൂലായിൽ മകളുടെ വിവാഹത്തിന് ഖത്തറിൽനിന്ന് നാട്ടിലെത്തിയപ്പോഴാണ് താജുദ്ദീനെ ചക്കരക്കൽ എസ്.ഐയായിരുന്ന ബിജുവും സംഘവും മാലപൊട്ടിക്കൽ കേസിൽ പ്രതിയാക്കി അറസ്റ്രുചെയ്തത്. സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 54ദിവസത്തെ ജയിൽവാസം അവസാനിച്ചത് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ്. തിരികെ ഖത്തറിലെത്തിയെങ്കിലും അവിടത്തെ റെന്റ്-എ-കാർ ബിസിനസ് തകർന്ന് നാലുകോടിയുടെ നഷ്ടമുണ്ടായി. ആരോഗ്യം ക്ഷയിച്ചു. താമസിച്ചിരുന്ന വീട് കടക്കാർക്ക് ഈടുനൽകേണ്ടിവന്നു. എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് താജുദ്ദീൻ നിരപരാധിയാണെന്ന് കണ്ടെത്തിയത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കഷണ്ടിത്തല പ്രശ്നമായി
വീട്ടമ്മയുടെ അഞ്ചരപ്പവൻ താലിമാല പൊട്ടിച്ചെടുത്തെന്നാരോപിച്ച് അർദ്ധരാത്രി കാറിനുകുറുകെ ജീപ്പിട്ട് താജുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയും മക്കളും കാറിലുണ്ടായിരുന്നു. കഷണ്ടിത്തല, പാതിനരച്ച താടി, കണ്ണട, കറുത്ത നിറം എന്നിവ ചൂണ്ടിക്കാട്ടി മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് നിരപരാധിയെ അറസ്റ്റ് ചെയ്തത്. യഥാർത്ഥപ്രതിയായ ശരത്തിനെ വടകരയിലെ ക്രൈംസ്ക്വാഡ് പിന്നീട് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |