
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതോടെ കേരളത്തിൽ എൻജിനിയറിംഗ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീളും.
മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്തവർ എൻജിനിയറിംഗ് അടക്കമുള്ള സാങ്കേതിക കോഴ്സുകളിൽ പ്രവേശനം നേടാറുണ്ട്. അവർക്കുകൂടി അവസരം നൽകാൻ എല്ലാ കോഴ്സുകളിലെയും അലോട്ട്മെന്റ് ഒരേസമയത്താണ് നടത്താറുള്ളത്.
സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം 22ന് ശേഷം പ്ലസ്ടു ഫലം വന്ന് ഒരാഴ്ചയ്ക്കകം റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കാനാവും. കുട്ടികൾക്ക് പ്ലസ്ടു മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയമാണ് ഈ ഒരാഴ്ച. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാലും അലോട്ട്മെന്റ് ഉടൻ നടത്താനിടയില്ല. തുല്യാവസരം ലഭ്യമാക്കാൻ അലോട്ട്മെന്റ് പതിവുപോലെ ഒരുമിച്ച് നടത്താനാണ് ആലോചന. ഇതിന് എ.ഐ.സി.ടി.ഇ അടക്കമുള്ള കേന്ദ്രകൗൺസിലുകളുടെ അനുമതി വേണ്ടിവരും. നീറ്റ് പരീക്ഷയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് രാജ്യമാകെ മറ്റ് കോഴ്സുകളുടെ പ്രവേശനതീയതി നീട്ടാനും സാദ്ധ്യതയുണ്ട്. മെഡിക്കൽ കോഴ്സുകളിൽ ആഗസ്റ്റ് അവസാനവും എൻജിനിയറിംഗ്, ആർക്കിടെക്ചർ അടക്കമുള്ളവയിൽ സെപ്തംബറിലും അലോട്ട്മെന്റുകൾ പൂർത്തിയാക്കണമെന്നാണ് നിലവിലെ നിബന്ധന.
അലോട്ട്മെന്റുകളുടെ സമയക്രമം അടക്കം നിശ്ചയിച്ച് പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ സമയം നീട്ടുന്നതിന് ഇതിൽ ഭേദഗതി വരുത്തേണ്ടിവരും. പുതിയ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. എൻജിനിയറിംഗ് പ്രവേശനം കേരളത്തിൽ മാത്രമായി വൈകിപ്പിച്ചാൽ കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് പോവുന്ന സ്ഥിതിയുണ്ടാവും. അതിനാൽ അലോട്ട്മെന്റുകളുടെ എണ്ണം കൂട്ടുന്നതടക്കം പരിഗണനയിലുണ്ട്.
സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കുട്ടികളാണ് നീറ്റ് എഴുതിയത്. എൻജിനിയറിംഗ് എൻട്രൻസ് 1,08,409പേരും ഫാർമസി എൻട്രൻസ് 39,737 പേരുമെഴുതിയിട്ടുണ്ട്.
പുനഃപരീക്ഷയ്ക്ക്
ഒരുക്കം തകൃതി
വീണ്ടും നീറ്റ് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ അറുപത് ദിവസത്തോളമെടുക്കുമെന്നാണ് അറിയുന്നത്. ചോദ്യപേപ്പർ അച്ചടിച്ച് ഒ.എം.ആർ രീതിയിലാണ് പരീക്ഷ. രാജ്യത്താകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്. വിദേശത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
കുട്ടികൾക്ക് ആശങ്ക വേണ്ട
----------------------
''എഴുതിയത് മാതൃകാ പരീക്ഷയായിരുന്നെന്ന മനസോടെ അടുത്ത പരീക്ഷയ്ക്കായി ഒരുങ്ങണം. മാനസിക സമ്മർദ്ദത്തിന് അടിപ്പെടരുത്. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുക''
-ഡോ.മോഹനൻകുന്നുമ്മേൽ,
മെഡിക്കൽ കമ്മിഷനംഗം,
ആരോഗ്യ യൂണി. വി.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |