SignIn
Kerala Kaumudi Online
Friday, 15 May 2026 10.01 PM IST

കൈകൊടുത്ത് ട്രംപും ഷീയും 'തായ്‌വാനി'ൽ താക്കീത്

a

ബീജിംഗ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നിർണായക ചർച്ചകൾ നടന്നെന്ന് റിപ്പോർട്ട്. വിവിധ വിഷയങ്ങളിൽ കൈ കൊടുത്തപ്പോഴും കൃത്യമായ താക്കീതും ഷീ നൽകി. തായ്‌വാൻ വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിലേക്ക് കടന്നേക്കാമെന്ന് ഷീ ട്രംപിനെ അറിയിച്ചു. ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തായ്‌വാന് യു.എസ് നൽകുന്ന ആയുധ സഹായത്തിൽ അതൃപ്തി ഉന്നയിച്ചു.തായ്‌വാൻ ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അവിടെ കടന്നുകയറ്റം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും എതിരാളികളാകുന്നതിന് പകരം പങ്കാളികളായി മാറണമെന്നും ആഹ്വാനം ചെയ്തു. തായ്‌വാൻ കടലിടുക്കിലെ സമാധാനവും സ്ഥിരതയും ചൈന-യു.എസ് ബന്ധത്തിലെ പ്രധാനപ്പെട്ട വിഷയമാണെന്നും ഷീ പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും മികച്ച നിലയിലാകുമെന്ന് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഷീയെ ക്ഷണിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ വ്യാപാരം,എണ്ണ,ഇറാൻ സംഘർഷം എന്നിവയും ചർച്ചയായി. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കുകയും ചൈനീസ് വിപണി യു.എസ് കമ്പനികൾക്കായി കൂടുതൽ തുറന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം.

കഴിഞ്ഞവർഷം നൂറുശതമാനത്തിലേറെയായിരുന്നു ഇരുരാജ്യവും അന്യോന്യം ചുമത്തിയ തീരുവ.ഒക്ടോബറിൽ ദക്ഷിണകൊറിയയിൽ നടത്തിയ ചർച്ചയിൽ ഒരുവർഷത്തേക്ക് തീരുവ 10-20 ശതമാനമായി നിലനിറുത്താൻ ധാരണയായി. ഈ ധാരണ നീട്ടുന്നതടക്കം ചർച്ചയായി.

സാങ്കേതികവിദ്യയും വ്യാപാരവും ലക്ഷ്യം

ഗ്രേറ്റ് ഹാൾ ഒഫ് ദി പീപ്പിളിൽ ലഭിച്ച ഗംഭീരമായ സ്വീകരണത്തിന് ട്രംപ് നന്ദി അറിയിച്ചു.സന്ദർശനം ചരിത്രപരമാണെന്നും,വ്യാപാരം,സാങ്കേതികവിദ്യ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലും സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ട്രംപ് സൂചിപ്പിച്ചു.യു.എസ് പ്രതിനിധി സംഘത്തിൽ പ്രമുഖരായ സി.ഇ.ഒമാരും ഉൾപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങിനെ ട്രംപ് പ്രത്യേകം ക്ഷണിച്ചിരുന്നു. തായ്‌വാൻ ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായതിനാൽ, യു.എസിലെ ചിപ്പ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വ്യാപാര കരാറുകൾ ട്രംപ് ലക്ഷ്യമിടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360