കോഴിക്കോട്: ജില്ലയിൽ ഞെളിയൻ പറമ്പിലെ മാലിന്യക്കൂമ്പാരം നീക്കി ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികളുടെ ഭാഗമായി ഡംപ് സൈറ്റിൽ നിന്ന് ആദ്യ ലോഡ് ആർ.ഡി.എഫ്(ജ്വലന ശേഷിയുള്ള ഉത്പന്നങ്ങൾ) കയറ്റിയയച്ചു. ആന്ധ്രാപ്രദേശിലെ കഡപ്പയിലുള്ള ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് ആർ.ഡി.എഫുമായി പോയ ലോറികൾ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവനും ജില്ലാ കളക്ടർ സ്നേഹിൽ കുമാറും ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) നേതൃത്വത്തിൽ ഞെളിയൻപറമ്പിലെ മാലിന്യമല പൂർണമായി നീക്കുന്നതിനുള്ള ബയോ മൈനിംഗ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മേയർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മഴയെത്തുന്നതിന് മുൻപ് തന്നെ മാലിന്യം പൂർണമായും നീക്കം ചെയ്യാനാണ് ലക്ഷ്യം.12.6 ഏക്കർ ഭൂമിയിലാണ് ബയോമൈനിംഗ് നടക്കുന്നത്. 2.30 ലക്ഷം മീറ്റർ ക്യൂബ് പാരമ്പര്യ മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളത്.
കഴിഞ്ഞ മാസമാണ് ബയോമൈനിംഗ് ജോലികൾ ആരംഭിച്ചത്.
ബയോമൈനിംഗിലൂടെ മണ്ണ്, പ്ലാസ്റ്റിക്, മെറ്റൽ, തടി മുതലായവ പുനരുപയോഗമായവയെ വേർതിരിച്ച് ശാസ്ത്രീയമായും നിയമപരവുമായ രീതിയിലാണ് കൈകാര്യം ചെയ്യുക. സ്ഥലത്തെ മാലിന്യം പൂർണമായും നീക്കും ചെയ്ത ശേഷം ഈ മാസം അവസാനത്തോടെ സിബിജി പ്ലാന്റ് (കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) നിർമ്മിക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷന് (ബി.പി.സി.എൽ) മൂന്ന് ഏക്കർ ഭൂമി കെെമാറും. ഏഴ് ഏക്കർ ഭൂമിയാണ് പ്ലാന്റ് നിർമ്മിക്കാൻ ആവശ്യം. 99 കോടി രൂപ ചെലവിട്ട് ജൈവ മാലിന്യം സംസ്‌കരിച്ച് പ്രതിദിനം ആറ് ടൺ വരെ പാചകവാതകം ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റാണ് ബി.പി.സി.എൽ നിർമ്മിക്കുക. 31.20 കോടി രൂപയാണ് പദ്ധതി ചെലവ്. ഫ്ലാഗ് ഓഫ് ചടങ്ങിൽ എൻ.കെ ഹരീഷ്, രാജീവ്. കെ, ആദം മാലിക്, ബിസ്മി കെ.ആർ, കെ.പി രമേഷ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |