SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

കോഴിക്കോട്ട് മന്ത്രിസ്ഥാനം ഉറപ്പിച്ച് ലീഗ് കോൺഗ്രസ് തുലാസിൽ, കിട്ടിയില്ലെങ്കിൽ പ്രതിഷേധം 

con
കോൺഗ്രസ്

കോഴിക്കോട്: യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയ കോഴിക്കോട്ട് മന്ത്രിസ്ഥാനം ഉറപ്പിച്ച് മുസ്ലിംലീഗ്. ആദ്യ വനിത എം.എൽ.എയെന്ന പെരുമയ്ക്കൊപ്പം മത്സരിച്ച ആറ്‌ സീറ്റിലും വിജയം കൊയ്ത ജില്ലയെന്ന പരിഗണനയും കോഴിക്കോട്ടെ ലീഗിന് തുണയായി. കുറ്റ്യാടിയിൽ നിന്ന് ജയിച്ച പാറക്കൽ അബ്ദുള്ളയ്ക്കാണ് നറുക്കെന്ന് ഏതാണ്ട് ഉറപ്പായി. അന്തിമ ലിസ്റ്റ് ഇന്ന് വരും. നേരത്തെ പരിഗണിച്ചത് ലീഗ് ജില്ലാ പ്രസിഡന്റും കുന്ദമംഗലത്ത് നിന്ന് പി.ടി.എ.റഹീമിനെ തോൽപ്പിക്കുകയും ചെയ്ത എം.എ.റസാഖിനെയായിരുന്നെങ്കിൽ അവസാന ചർച്ചയിൽ പാറക്കലിന് പിന്തുണ ഏറുകയായിരുന്നു. മുൻ കുറ്റ്യാടി എം.എൽ.എ എന്ന നിലയിൽ പാറക്കലിന്റെ അനുഭവ സമ്പത്താണ് നേതൃത്വം പരിഗണിച്ചതെന്നാണ് വിവരം.

അതേസമയം 20 വർഷം എം.എൽ.എമാരില്ലാതെ വട്ടം കറങ്ങിയ കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചതോടെ മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ആവശ്യം അംഗീകരിക്കപ്പെട്ടാൽ കെ.സുധാകരൻ പക്ഷക്കാരനായ കെ. ജയന്തിനായിരിക്കും മുൻഗണന.

കോഴിക്കോട് നോർത്തിൽ വർഷങ്ങളായുള്ള ഇടതുകോട്ട പൊളിച്ചാണ് കെ.പി.സി.സി ജനറൽ സെക്രട്ടറികൂടിയായ ജയന്ത് വിജയിച്ചത്. ഈഴവ പരിഗണനകൂടി വരികയാണെങ്കിൽ ജയന്തിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും. ജില്ലയെ അവഗണിച്ചാൽ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയരും. ഇതുസംബന്ധിച്ച് നിയുക്ത മുഖ്യമന്ത്രിക്കും രാഹുൽഗാന്ധിക്കും കോഴിക്കോട്ടു നിന്ന് നിവേദനങ്ങൾ പോയി കഴിഞ്ഞു. 2021ൽ യു.ഡി.എഫിന് രണ്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. വടകരയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ.രമയും കൊടുവള്ളിയിൽ എം.കെ.മുനീറും. ഇത്തവണ 13ൽ 12സീറ്റും നേടി. കോൺഗ്രസ് മത്സരിച്ച അഞ്ച് സീറ്റും ലീഗ് മത്സരിച്ച ആറ് സീറ്റും നേടി. ബേപ്പൂരിൽ സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. മലബാർ മേഖലയിൽ മിന്നും ജയം സ്വന്തമാക്കിയ ജില്ലയെന്ന നിലയിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോഴിക്കോട്ടെ യു.ഡി.എഫ് നേതൃത്വം.

സി.പി.എം ജില്ലാ കമ്മിറ്റി ഇന്നും തുടരും

നേതാക്കൾ മണ്ണിലേക്കിറങ്ങി

ജനങ്ങളെ കേൾക്കണം

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന് പിന്നാലെ ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം. ചില്ലുമേടകളിൽ നിന്ന് നേതാക്കൾ മണ്ണിലേക്കിറങ്ങിവരണമെന്നും ജനങ്ങളെ കേൾക്കണമെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ധാർഷ്ട്യമാണിപ്പോൾ പാർട്ടിയെ ഭരിക്കുന്നത്. അത് കൈവെടിയണം. 11 സീറ്റിൽ നിന്ന് ഒരു സീറ്റിലേക്ക് കൂപ്പുകുത്താൻ പാകത്തിൽ അത്രമോശം സർക്കാരായിരുന്നില്ല കേരളം ഭരിച്ചത്. ഇത്രയും ആഴത്തിൽ പരാജയം നേരിട്ടെങ്കിൽ താത്വിക അവലോകനമല്ല വേണ്ടതെന്നും ബൂത്ത് തലം മുതൽ പരിശോധനകളും തിരുത്തലുകളുമുണ്ടാകണമെന്നും നേതാക്കൾ പറഞ്ഞു. കോഴിക്കോട് നോർത്തിലും എലത്തൂരും പേരാമ്പ്രയിലും ബാലുശ്ശേരിയിലും തിരുവമ്പാടിയിലുമുണ്ടായ പരാജയം ഞെട്ടിക്കുന്നതാണ്. വലിയ ഭൂരിപക്ഷത്തിന് ജയിച്ചിടങ്ങളിൽ ഇത്രമാത്രം വോട്ട് ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം എങ്ങോട്ട് പോയെന്ന് താഴെത്തട്ടിൽ നിന്ന് പരിശോധിക്കണമെന്നും ആവശ്യമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL