SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

ഞാങ്കടവ് കുടിവെള്ള പദ്ധതി ഞാങ്കടവിൽ തടയണ സർക്കാർ കമ്പനി വക

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കരാർ

കൊല്ലം: കൊല്ലം നഗരത്തിലും സമീപത്തെ 5 പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ഞാങ്കടവ് പദ്ധതിയുടെ കിണറ്റിൽ വേനൽക്കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള തടയണ നിർമ്മി​ക്കുന്നതി​ന് സർക്കാർ കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കരാർ നൽകാൻ കോർപ്പറേഷൻ കൗൺ​സി​ൽ തീരുമാാനം. വാട്ടർ അതോറിറ്റി മുഖേനയാണ് നിർമ്മാണ ചുമതല നൽകുന്നത്.

ഇറിഗേഷൻ വകുപ്പിന്റെ ഡിസൈൻ വിഭാഗമായ ഐ.ഡി.ആർ.ബി തടയണയുടെ രൂപരേഖ തയ്യാറാക്കാൻ ആറ് മാസം മുൻപ് ഏൽപ്പിച്ചിരുന്നെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഡി.പി.ആർ തയ്യാറാക്കി ടെണ്ടർ ചെയ്യാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നത്. കോർപ്പറേഷന്റെ തീരുമാനം ഇനി അമൃത് സംസ്ഥാന ഉന്നതാധികാര സമിതി അംഗീകരിക്കണം. തടയണ നിർമ്മാണത്തിനുള്ള 60 കോടിയുടെ പ്രാഥമിക രൂപരേഖയ്ക്ക് നേരത്തേ അമൃത് ഉന്നതാധികാര സമിതി അംഗീകാരം നൽകിയിരുന്നു.

100 എം.എൽ.ഡി (മെഗാലിറ്റേഴ്സ് പെർ ഡേ) ശേഷിയുള്ളതാണ് വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ്. ഞാങ്കടവിലെ കിണറിന് സമീപം കല്ലടയാറ്റിൽ തടയണ നിർമ്മിച്ചെങ്കി​ൽ മാത്രമേ വേനൽക്കാലത്തും ഇത്രയധികം ജലം ലഭ്യമാകു. അതിന് പുറമേ മഴക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാനും തടയണ അനിവാര്യമാണ്.

പൂർത്തിയാകാൻ 2 വർഷം

 നിർമ്മാണം പൂർത്തിയാകാൻ രണ്ട് വർഷം വേണം
 മൂന്ന് മാസത്തിനുള്ളിൽ തടയണയുടെ ഡി.പി.ആർ
 നിർമ്മാണം പൂർത്തിയാക്കാൻ കുറഞ്ഞത് 18 മാസം
 നിർമ്മാണത്തിന് രണ്ട് വേനൽക്കാലങ്ങൾ ലഭിക്കണം

31.83 കോടിക്ക് തീരേണ്ട പദ്ധതി

2021ൽ 25.83 കോടിക്ക് തടയണ നിർമ്മിക്കാനായിരുന്നു കരാർ. എന്നാൽ കരാർ കമ്പനി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കൂടുതൽ ആഴത്തിൽ പൈൽ ചെയ്യണമെന്ന് ബോദ്ധ്യമായി. ആറര മീറ്റർ ആഴത്തിലുള്ള പൈലിംഗാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, കല്ലടയാറ്റിൽ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മദ്ധ്യഭാഗത്ത് മൂന്ന് നില പൊക്കം കണക്കാക്കി 9 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണം. അതുകൊണ്ടുതന്നെ കരാറുകാരൻ അധികമായി ആവശ്യപ്പെട്ട ആറ് കോടി നൽകാൻ നിർവഹണ ഏജൻസിയായ വാട്ടർ അതോറിട്ടി തയ്യാറായില്ല. ഇതോടെ കരാർ റദ്ദാക്കി.

പിന്നീട് എസ്റ്റിമേറ്റ് പുതുക്കി രണ്ട് തവണ ടെണ്ടർ ക്ഷണിച്ചു. പക്ഷെ രണ്ട് തവണയും എസ്റ്റിമേറ്റിനെക്കാൾ ഏറെ ഉയർന്നതായിരുന്നു ഏറ്റവും കുറഞ്ഞ ടെണ്ടർ തുക. ഇതോടെയാണ് പുതിയ ഡി.പി.ആർ തയ്യാറാക്കി വീണ്ടും ക്ഷണിക്കാൻ തീരുമാനിച്ചത്. 2021ൽ അന്നത്തെ കരാറുകാരൻ ആവശ്യപ്പെട്ട ആറ് കോടി കൂടി നൽകിയിരുന്നെങ്കിൽ 31.83 കോടിക്ക് പദ്ധതി പൂർത്തിയായേനെ.

 ആഗസ്റ്റിൽ സാദ്ധ്യത

തടയണില്ലാതെയും ഞാങ്കടവ് പദ്ധതി കമ്മിഷൻ ചെയ്യാം. പദ്ധതിയുടെ കിണർ, ട്രീറ്റ്മെന്റ് പ്ലാന്റ്, വിവിധ ജലസംഭരണികൾ എന്നിവിടങ്ങളിൽ സ്ഥാപിക്കേണ്ട വമ്പൻ ശേഷിയുള്ള പമ്പ് സെറ്റുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കരാർ കമ്പനി ടെസ്റ്റ് റൺ പൂർത്തിയാക്കിയ ശേഷം ഈമാസം അവസാനത്തോടെ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ എത്തിക്കും. സ്ഥാപിക്കൽ പൂർത്തിയാക്കിയ ശേഷം ആഗസ്റ്റിൽ ട്രയൽ റൺ നടത്താനാകുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL