
കൊച്ചി: പനമ്പിള്ളിനഗർ ജംഗ്ഷന് സമീപം കരിത്തല റോഡിൽ യുവാവിനെ ബിയർകുപ്പിയും സ്പാനറും ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു കൊല്ലത്തിലേറെയായി ഒളിവിലായിരുന്ന മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കള്ളിക്കാവ് ആലക്കൽ വീട്ടിൽ ഷിബിനെ (25)യാണ് കടവന്ത്ര എസ്.എച്ച്.ഒ ആർ.ബിജുവിന്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്ന് പിടികൂടിയത്. പള്ളുരുത്തി മുള്ളത്ത് വീട്ടിൽ സുഹൈലി(22)നെയാണ് ഷിബിൻ ഉൾപ്പെട്ട മൂന്നംഗ സംഘം 2025 ഫെബ്രുവരി 6ന് പുലർച്ചെ 1.30ന് ആക്രമിച്ചത്. പ്രതികളും സുഹൈലും കരിത്തല റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.
ജോലിയുടെ ഭാഗമായി ഇവർ ഹൈദരാബാദിൽ പോയപ്പോഴുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം സുഹൈലിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി പരിക്കേൽപ്പിച്ചു. കടവന്ത്ര പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ കടന്നിരുന്നു. രണ്ടാംപ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും ഷിബിനെ കുറിച്ച് വിവരം കിട്ടിയില്ല. തൃശൂരിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ അവിടെ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |