
തൃശൂർ: വെളിയന്നൂരിലെ അപ്പാർട്ട്‌മെന്റിൽ യുവതിയെ കഴുത്ത് മുറിച്ചും കുത്തിയും കൊലപ്പെടുത്തി സ്വർണാഭരണങ്ങളും എട്ടേമുക്കാൽ ലക്ഷം രൂപയും കവർന്ന കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് ട്രിച്ചി സ്വദേശി പളനി സ്വാമിക്ക് (54) ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവും ശിക്ഷ. ഒമ്പത് ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.കമനീസ് വിധിച്ചു.
2018 ജൂലായ് 27ന് വൈകീട്ട് നാലിനായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശി ശശികുമാറിന്റെ ഭാര്യ മഹേശ്വരി (27) ആണ് കൊല്ലപ്പെട്ടത്. പണം പലിശയ്ക്ക് നൽകുന്ന ശശികുമാറിന്റെ ഫ്‌ളാറ്റിലേക്ക് വലിയച്ഛന്റെ മകനായ പ്രതി പളനിസ്വാമി കവർച്ച ലക്ഷ്യമിട്ടാണ് എത്തിയത്. മഹേശ്വരിയെ കൊലപ്പെടുത്തിയ ശേഷം മോഷണവസ്തുക്കളുമായി പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. രണ്ടാം പ്രതി ട്രിച്ചി സ്വദേശി ഫറൂക്കിനെയാണ് പ്രതി പണം ഏൽപ്പിച്ചത്.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്തിയത്. ഹൈക്കോടതി സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി: ടി.ആർ.സന്തോഷ് കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. കേരള പൊലീസ് അക്കാഡമി ഡിവൈ.എസ്.പി കെ.കെ.സജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. ഗ്രേഡ് എ.എസ്.ഐ: കെ.ഡി.ജൂലി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജയകുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |