തിരുവനന്തപുരം: സ്വത്ത് തട്ടിപ്പും ദുരൂഹ മരണങ്ങളും സംബന്ധിച്ച അന്വേഷണം നേരിടുന്ന കരമന കാലടിയിലെ കൂടത്തിൽ തറവാടിന് നഗരത്തിലും പുറത്തുമായി ഉണ്ടായിരുന്നത് 18 ഏക്കറോളം സ്ഥലമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നഗരത്തിന്റെ കണ്ണായ ഭാഗങ്ങളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന വസ്തുവകകളിൽ പലതും ഇപ്പോൾ തറവാട് വകയായി ശേഷിച്ചിട്ടില്ല. മണക്കാട്, പാൽക്കുളങ്ങര വില്ലേജുകളിലുള്ള വസ്തുവകകളുടെ ഇപ്പോഴത്തെ അവകാശികളെ സംബന്ധിച്ച വിവരങ്ങൾ കൂടി ലഭ്യമാകുന്നതോടെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങും. കൂടത്തിൽ തറവാടുമായി ബന്ധമുള്ള ചിലർക്കും കാര്യസ്ഥൻ രവീന്ദ്രൻ നായർക്കും സഹായികൾക്കും ഉൾപ്പെടെ ലഭിക്കുകയും വിറ്റഴിക്കുകയും ചെയ്ത തറവാട്ടുവക സ്വത്തുക്കളുടെ ക്രയ വിക്രയത്തിന് വ്യാജ രേഖകളുപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണവും അവസാന ഘട്ടത്തിലാണ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും റവന്യു വിഭാഗത്തിൽ നിന്നും ലഭിക്കുന്ന തെളിവുകൾ വിലയിരുത്തിയശേഷം വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത അന്വേഷണ സംഘം ഉറപ്പിക്കും.
2012ൽ കൂടത്തിൽ തറവാട്ടിലെ ജയപ്രകാശിന്റെ മരണശേഷമാണ് അനന്തരവകാശിയായ ജയമാധവൻ നായരുടെ സഹായത്തോടെ സ്വത്തുക്കൾ കാര്യസ്ഥന്റെ നേതൃത്വത്തിൽ പലർക്കായി ഭാഗിച്ചത്. കൂടത്തിൽ തറവാടുമായി ബന്ധമുള്ള എട്ടോളം പേർക്കും ജയമാധവനുമായിട്ടായിരുന്നു സ്വത്തുക്കൾ ഭാഗം ചെയ്തത്. സ്വത്ത് തട്ടിപ്പ് കേസിൽ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിനാണ് നിയമപരമായി കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തിന് നിയമപരമായി അവകാശമുണ്ടായിരുന്നത്. എന്നാൽ, പ്രകാശ് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് ഇതിനിടെ കേസ് ഫയൽ ചെയ്തു. പിന്നീട് സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർക്കുകയും ചെയ്തു. പ്രകാശിന് കൂടത്തിൽ തറവാടിനോട് ചേർന്നുള്ള 70 സെന്റോളം സ്ഥലവും നൽകി.
ജയമാധവൻ മരണപ്പെടുംമുമ്പ് തയാറാക്കിയതായി പറയപ്പെടുന്ന വിൽപത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ കൂടത്തിൽ തറവാട്ടിലെ സ്വത്തുക്കളുടെ കൈവശക്കാരനായത്. ഈ സ്വത്തുക്കൾ പലതും വൻതുകയ്ക്ക് രവീന്ദ്രൻനായർ വിറ്റുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വഞ്ചിയൂരിലെ ഒരു സഹകരണ സംഘത്തിൽ രവീന്ദ്രൻ നായർ നിക്ഷേപിച്ചിരുന്ന അരക്കോടിയോളം രൂപയും അന്വേഷണ സംഘം കണ്ടെത്തി. ഈ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടത്തിലെ സ്വത്തുക്കൾ കൈയ്യേറിയതെന്ന ആക്ഷേപം ഉയർന്നതോടെ പ്രദേശവാസിയായ അനിലും പിന്നീട് പ്രസന്നകുമാരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിൽപ്പത്രം വ്യാജമായി ചമച്ചതാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് കൂടുതൽ വിശദമായ അന്വേഷണം ആരംഭിച്ചത്. വിൽപ്പത്രമുൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ പ്രത്യേക സംഘത്തിന് ബോദ്ധ്യപ്പെട്ടിരുന്നു. ജയമാധവൻ നായരുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സ്വത്ത് തട്ടിപ്പുമായും ദുരൂഹ മരണവുമായും ബന്ധപ്പെട്ട് രവീന്ദ്രൻനായരെയും സഹായികളെയും ഉടൻ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
കൂടത്തിൽ സ്വത്തുക്കൾ
(പൊലീസിന് ലഭിച്ച വിവരം)
കാലടി കുളത്തറയിലെ കൂടത്തിൽ കുടുംബവീടും അതിനോട് ചേർന്ന ഒരേക്കർ 90 സെന്റും.
ചെറുപഴിഞ്ഞി ദേവീ ക്ഷേത്രത്തിന് സമീപത്തെ 1.5 ഏക്കർ തെങ്ങിൻ പുരയിടം
കാലടി താമരത്ത് 2.5 ഏക്കർ പുരയിടം
കാവാലി ജംഗ്ഷന് സമീപം 25 ഉം 75 ഉം സെന്റുകൾ
കാലടി ഇളംതെങ്ങ് ജംഗ്ഷന് സമീപം 80 സെന്റ് പുരയിടം (ഇതിൽ കുറച്ചുഭാഗം ദാനം ചെയ്തിട്ടുള്ളതായി രേഖകൾ പറയുന്നു)
കാലടി തൈവിള റോഡിൽ 6 ഏക്കർ നിലം
കുളത്തറ പാലിയത്ത് 1.5 ഏക്കർ
കാലടി ഹോമിയോ ആശുപത്രിക്ക് സമീപം18 സെന്റ്
പാൽക്കുളങ്ങര ദേവീക്ഷേത്രത്തിന് സമീപം 30 സെന്റ്
ചെങ്കൽചൂള ഗവ. പ്രസിന് സമീപം കോടികൾ വിലമതിക്കുന്ന 50 സെന്റും വീടും
നേമം കാരയ്ക്കാമണ്ഡപത്തിന് സമീപം 2 ഏക്കർ തെങ്ങിൻ പുരയിടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |