ന്യൂഡൽഹി: ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യയുടെ കൊലപാതക കേസിലെ പ്രതികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. ശിക്ഷാവിധിയ്ക്ക് എതിരെ പത്ത് പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യ 2003ലാണ് പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായി പാണ്ഡെയെ വധിച്ചുവെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഇതോടെ പ്രത്യേക പോട്ട കോടതി മുഖ്യപ്രതി അസ്‌ഗർ അലി അടക്കമുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, ഗുജറാത്ത് ഹൈക്കോടതി 2011ൽ കൊലക്കുറ്റം ഒഴിവാക്കി. ഗൂഢാലോചനയും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകളിൽ വിചാരണക്കോടതി നൽകിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഗുജറാത്ത് സർക്കാരും സി.ബി.ഐയുമാണ് സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു. കേസിലെ 12 പ്രതികളിൽ ഒമ്പത് പേർക്ക് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റുള്ളവർക്ക് 2007 ൽ ഗുജറാത്തിലെ പോട്ട കോടതി വിധിച്ച ശിക്ഷ കോടതി ശരിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |