തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി വീണ്ടും സമര രംഗത്തേക്ക്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ നാല് ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ മൂന്ന് മുതൽ ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്‌ണൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. 15 ദിവസത്തേക്കാണ് നിരാഹാര സമരം നടത്തുകയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. ബി.ജെ.പി നേതൃയോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനത്തും ശബരിമലയിലും ബി.ജെ.പി സമരം നടത്തിയിട്ടില്ല. ശബരിമല കർമസമിതിയാണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. ഇതിന് ബി.ജെ.പി പിന്തുണ നൽകുകയായിരുന്നു. ബി.ജെ.പിയുടെ പ്രവർത്തകരാരും ശബരിമലയിൽ സംഘർഷമുണ്ടാക്കിയിട്ടില്ല. ആദ്യഘട്ടത്തിൽ ശബരിമലയിലേക്ക് പോയ സുരേന്ദ്രനിൽ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ല. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണ്. മനുഷ്യാവകാശങ്ങൾ പോലും പാടേ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലിൽ ഇട്ടിരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് ആർ.എസ്.എസും ബി.ജെ.പിയും. ഞങ്ങളെ രണ്ടാം കിട പൗരന്മാരായാണ് മുഖ്യമന്ത്രി കണക്കാക്കുന്നത്. അത് അംഗീകരിക്കാൻ കഴിയില്ല. പി.സി.ജോർജുമായി ശബരിമല വിഷയത്തിൽ നിയമസഭയിൽ സഹകരിക്കാൻ മാത്രമേ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളൂ. മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സർക്കാരിനെതിരെയാണെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ സമരകേന്ദ്രം മാറ്റിയതിനെ മുഖ്യമന്ത്രിയുടെ പരാമർശവുമായി ചേർത്ത് വായിക്കേണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |