തിരുവനന്തപുരം: തീരദേശ നിയമ ലംഘനം സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാൽ, അതിന്റെ പേരിൽ തീരദേശത്ത് വീട് വച്ചിട്ടുള്ള പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നിലവിലെ നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീളുമെന്ന യു.ഡി.എഫ് ആക്ഷേപം മന്ത്രി തള്ളി. വാർഡ് വിഭജനവും വോട്ടർ പട്ടിക പുതുക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായാണ് നടക്കുന്നത്. മന്ത്രി എ.സി മൊയ്‌തീൻ വ്യക്തമാക്കി.
പാവപ്പെട്ടവർക്കൊപ്പം നിൽക്കും
കേരളത്തിൽ ഇനിയും നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിതിട്ടുണ്ടോയെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ യാതൊരു അന്വേഷണവുമുണ്ടാകില്ല. അതിൽ തീരുമാനമെടുക്കേണ്ടതും കണ്ടെത്തേണ്ടതും സുപ്രീംകോടതി നിയോഗിച്ചിരിക്കുന്ന സമിതിയാണ്. കടൽത്തീരത്ത് ഒട്ടേറെ പാവപ്പെട്ടവരാണ് വീട് വച്ചിരിക്കുന്നത്. അതൊന്നും നിയമ ലംഘനമായി കണക്കാക്കാൻ സംസ്ഥാന സർക്കാരിനാകില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ അത്തരത്തിലുള്ള ഒട്ടനവധി വിഷയങ്ങളുണ്ട്. നിയമം ലംഘിച്ച് വൻകിടക്കാർ കെട്ടിടം ഉയർത്തിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന് മുന്നിൽ നിയമലംഘനം തന്നെയാണ്. എന്നാൽ, പാവപ്പെട്ടവർക്കെതിരെ നടപടിയുണ്ടായാൽ സർക്കാർ അതിനൊപ്പം നിൽക്കില്ല. ആ അടിസ്ഥാനത്തിൽ കോടതി ഈ വിഷയത്തെ സമീപിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോടതി പറഞ്ഞ രീതിയിലുള്ള അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
നിയമം കർശനമാക്കും
മരട് വിഷയവുമായി ബന്ധപ്പെട്ടുള്ള തുടർകാര്യങ്ങൾ ഗൗരവമായാണ് സർക്കാർ കാണുന്നത്. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് പകരം നിലവിലെ നിയമങ്ങൾ കർശനമായി പാലിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് കായലോരത്തും മറ്റും കെട്ടിടങ്ങൾ പണിയുമ്പോൾ തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. ആ വ്യവസ്ഥകൾ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന പരിശോധന ഇപ്പോൾ നടക്കുകയാണ്. എന്നാൽ, നിയമത്തിന് വിധേയമായി തീരദേശ പരിപാലന അതേറിട്ടിയുടെ അനുമതി ലഭ്യമായവരെ സർക്കാർ ഉപദ്രവിക്കില്ല. കേന്ദ്ര നിയമത്തിൽ ഇപ്പോൾ ഒരുപാട് ഇളവുകൾ വരുത്തിയിട്ടുണ്ട്. ആ നിയമവുമായി ബന്ധപ്പെട്ട് തീരദേശ ജില്ലകളിൽ മാപ്പിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാൽ കുറേ കെട്ടിടങ്ങൾ നിയമലംഘന പരിധിയിൽ നിന്ന് ഒഴിവാകുമെന്നാണ് ഞാൻ മനസിലാക്കുന്നത്.
മരടിൽ മികച്ച ടീം
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മരടിലെ ഫ്ളാറ്റുകൾ പൊളിച്ചത്. വിധി നടപ്പാക്കുന്നതിന് സാങ്കേതിക വിദഗ്ദ്ധരുൾപ്പടെയുള്ളവരുടെ നല്ലൊരു ടീമാണ് ജില്ലാ ഭരണകൂടത്തിനും തദ്ദേശസ്വയംഭരണസ്ഥാപനത്തിനും കീഴിൽ പ്രവർത്തിച്ചത്.പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനായി എന്നാണ് സർക്കാരിന് കിട്ടിയ റിപ്പോർട്ട്. പരിസരത്തെ കെട്ടിടങ്ങൾക്കൊന്നും വലിയ കേടുപാടില്ലെന്നും റിപ്പോർട്ടുണ്ട്. സ്വാഭാവികമായും ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
വോട്ടർപട്ടിക ക്ലീയറാണ്
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട യു.ഡി.എഫ് വിമർശനം ശരിയല്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടർ പട്ടിക തയാറാക്കുന്നത്. 2014ലെ വോട്ടർ പട്ടിക വച്ച് വലിയ തോതിലുള്ള തയാറെടുപ്പ് നടത്തിയും പണം ചെലവാക്കിയുമാണ് 2015ലെ വോട്ടർപട്ടികയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രൂപം നൽകിയത്. ആ ഡാറ്റാ ബേസിന് മുകളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം വരെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെയെല്ലാം 2015ലെ വോട്ടർപട്ടിക വച്ചാണ് പുതുക്കൽ ഉൾപ്പടെ നടന്നത്. യു.ഡി.എഫ് ആവശ്യപ്രകാരം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ഉപയോഗിച്ച് പുതിയത് തയാറാക്കിയാൽ അത് തിരഞ്ഞെടുപ്പ് നീട്ടേണ്ട സാഹചര്യമുണ്ടാക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടെടുക്കട്ടെ എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വാർഡ് വിഭജനത്തിന് ബുദ്ധിമുട്ടില്ല
2001ലെ സെൻസസ് അനുസരിച്ചാണ് ഇപ്പോഴുള്ള വാർഡ് വിഭജനം നടന്നിരിക്കുന്നത്. പക്ഷേ, 38 മുനിസിപ്പാലിറ്റികൾ സംസ്ഥാനത്ത് പുതുതായി വന്നപ്പോൾ അവിടങ്ങളിൽ 2011ലെ സെൻസസാണ് ഉപയോഗിച്ചത്. കേരളത്തിലെ മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും 2001 സെൻസസും ചിലയിടങ്ങളിൽ 2011 സെൻസസും എന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഈ അശാസ്‌ത്രീയത പരിഹരിക്കാനാണ് വാർഡുകളുടെ പുനർവിഭജനത്തിന് സർക്കാർ തീരുമാനമെടുത്തത്. അതിനനുസരിച്ചാണ് ഒരു വാർഡ് കൂട്ടാനുള്ള തീരുമാനം. ആ ഓർഡിനൻസ് ഗവർണറുടെ മുമ്പിലാണ്. അതിൽ യാതൊരു അശാസ്ത്രീയതയുമില്ല. വോട്ടർപട്ടിക തയാറായാൽ ഉടൻ വാർഡ് വിഭജനത്തിനുള്ള പ്രവർത്തനങ്ങൾ സമാന്തരമായി ആരംഭിക്കും. വാർഡ് വിഭജിക്കാൻ സർക്കാരിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |