ന്യൂഡൽഹി:നിർഭയ കൂട്ടമാനഭംഗക്കേസിൽ പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി ഇന്നലെ തള്ളിയതിന് പിന്നാലെ പുതിയ മരണവാറണ്ട് പാട്യാല അഡിഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ചു.
പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നിവരുടെ വധശിക്ഷ തിഹാർ ജയിലിൽ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് നടപ്പാക്കാനാണ് ജഡ്‌ജി സതീഷ് അറോറ ഉത്തരവിട്ടത്.
ദയാഹർജി തള്ളിയാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് കുറഞ്ഞത് 14 ദിവസം നൽകണമെന്ന ചട്ടപ്രകാരമാണ് ഫെബ്രുവരി 1 എന്ന പുതിയ തീയതി നിശ്ചയിച്ചത്.
പ്രതികളെ 22ന് രാവിലെ ഏഴിന് തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് കോടതി വിധിച്ചത്. ജനുവരി 14ന് തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതോടെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. ഇത് ചൂണ്ടിക്കാട്ടി മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് പാട്യാല കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്നലെ ഹർജി പരിഗണിക്കവെ, ദയാഹർജി രാഷ്ട്രപതി തള്ളിയതായി കോടതിയെ അറിയിച്ച പബ്ലിക് പ്രോസിക്യൂട്ടർ പുതിയ തീയതി നിശ്ചയിക്കാൻ അഭ്യർത്ഥിച്ചു. തുടർന്നാണ് ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കാൻ മരണവാറണ്ട് പുറപ്പെടുവിച്ചത്.
മുകേഷ് സിംഗിന്റെ ദയാഹർജി തള്ളണമെന്ന ഡൽഹി സർക്കാർ ശുപാർശ ലെഫ്. ഗവർണർ അനിൽ ബൈജാൽ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. ഈ ശുപാർശ ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി മണിക്കൂറുകൾക്കുള്ളിൽ ദയാഹർജി തള്ളി. വിവരം മുകേഷ് സിംഗിനെ ജയിൽ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |