വൻകിട തോട്ടങ്ങളിൽ 15 എണ്ണം വരെ
കട്ടപ്പന: വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ അനധികൃത കുഴൽക്കിണർ നിർമാണം തകൃതിയായി. പ്രതിദിനം 50ൽപ്പരം കുഴൽക്കിണറുകളാണ് ജില്ലയിൽ നിർമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണക്ക്. ഇവയിൽ ഏറെയും വൻകിട തോട്ടങ്ങളിലാണ്. വേനൽ രൂക്ഷമാകുന്നതോടെ മാർച്ചിൽ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുമ്പായി തോട്ടങ്ങളിൽ പരമാവധി കുഴൽക്കിണറുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വൻതോതിൽ ഭൂഗർഭജലം ഊറ്റി ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
ജില്ലയിൽ 16 ഏജൻസികളാണ് ഭൂഗർഭ ജല വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്രയും ഏജൻസികൾക്കായി 25 കുഴൽക്കിണർ നിർമ്മാണ വാഹനങ്ങൾക്കാണ് അനുമതിയുള്ളത്. എന്നാൽ തമിഴ്നാട്ടിൽ നിന്നു വാടകയ്ക്ക് വാഹനങ്ങൾ എത്തിച്ചാണ് കുഴൽക്കിണർ നിർമിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൗനാനുവാദത്തോടെയാണ് അനധികൃത നിർമാണമെന്നും ആക്ഷേപമുണ്ട്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള കുഴൽക്കിണറുകൾക്ക് മാത്രമാണ് നിർമാണാനുമതിയുള്ളത്. ഇത് പരമാവധി 150 മീറ്ററാണ്. സ്ഥലത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ആഴത്തിന്റെ അളവിൽ മാറ്റം വരും. ഭൂഗർഭ അറകളിലെ ശുദ്ധജലം വൻതോതിൽ ഒരു സ്ഥലത്തേക്ക് മാത്രമായി ഊറ്റിയെടുക്കുന്നത് മറ്റു ജലസ്രോതസുകൾക്കും ഭീഷണിയാണ്. ആഴങ്ങളിലുള്ള ഖനനം ഭൂവിള്ളലുകൾക്കും പ്രകൃതി ദുരന്തത്തിനും കാരണമാകും. ഒറ്റദിവസം കൊണ്ട് വെള്ളം ലഭിക്കുമെന്നതിനാലാണ് കുഴൽക്കിണറിനെ ആശ്രയിക്കുന്നത്. അനധികൃത നിർമാണം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പരാതി ലഭിക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാനാകുന്നില്ല. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും നിർമാണം കഴിഞ്ഞ് വണ്ടികൾ സ്ഥലംവിട്ടിരിക്കും.
നിയമാനുസൃതമായി കുഴൽക്കിണർ നിർമിക്കേണ്ടയാൾ ഭൂഗർഭജല വകുപ്പ് ജില്ലാ ഓഫീസിൽ 585 രൂപ അടച്ച് അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം അനുമതിക്കായി പഞ്ചായത്തിലും അപേക്ഷിക്കണം. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥാനനിർണയം നടത്തി കുഴൽക്കിണർ കുഴിക്കാൻ അനുമതി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇതു ഒരിടത്തും പാലിക്കാറില്ല. കുഴൽക്കിണർ ഏജൻസികൾക്കും നിരവധി നിബന്ധനകളുണ്ട്. എല്ലാ ഏജൻസികളും ജില്ലാഭരണകൂടത്തിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കിണർ നിർമിക്കുന്നതിനു സമീപം ഡ്രില്ലിങ് ഏജൻസിയുടെയോ ഉടമയുടെയോ മേൽവിലാസം ഉൾപ്പെടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. കിണറിനുചുറ്റും മുള്ളുവേലിയോ മറ്റേതെങ്കിലും ഉപയോഗിച്ചോ വേർതിരിക്കണം. കിണറിനു ചുറ്റും സിമന്റ് ഉപയോഗിച്ച് പ്രതലം നിർമിക്കണം. എന്നാൽ ഇതൊക്കെ കടലാസിൽ മാത്രമാണ്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ എത്ര കുഴൽകിണറുകൾ കുഴിക്കുന്നു?, എത്ര എണ്ണം ഉപയോഗത്തിലുണ്ട്?, ഉപേക്ഷിക്കപ്പെട്ടവയുടെ എണ്ണം? തുടങ്ങിയ കണക്കുകളുമുണ്ടാകണം. ഇതിന്റെ കണക്കെടുപ്പ് നടത്തേണ്ടത് പഞ്ചായത്ത്വില്ലേജ് അധികൃതരാണ്. നിലവിൽ തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വണ്ടികളാണ് ജില്ലയിൽ കുഴൽക്കിണർ നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. 1800 അടി വരെ ആഴത്തിൽ നിർമിക്കാൻ കഴിയുന്ന വണ്ടികളാണ് ഏറെയും. വൻകിട ഏലത്തോട്ടങ്ങളിൽ ജലസേചനത്തിനായി 15 കുഴൽക്കിണറുകൾ വരെ നിർമിച്ചിട്ടുണ്ട്. ഭൂഗർഭജലം പരമാവധി ഊറ്റിയെടുക്കാൻ 25 എച്ച്.പിയുടെ മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചില തോട്ടമുടമകൾ ഏജൻസികളെ ആശ്രയിക്കാതെ നേരിട്ട് വാഹനങ്ങൾ എത്തിച്ചും നിർമിക്കുന്നു. വേനൽക്കാലത്ത് ഏലത്തോട്ടങ്ങളിൽ ജലസേചനം മുടങ്ങാതിരിക്കാനാണ് തോട്ടങ്ങളുടെ മുക്കിലും മൂലയിലും വരെ കുഴൽക്കിണറുകൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |