കോട്ടയം: ഒരിടവേളയ്ക്ക് ശേഷം കേരള- തമിഴ്നാട് അതിർത്തിയിലെ വനത്തിൽ വേട്ട സംഘങ്ങൾ വീണ്ടും സജീവമായി. വെടിവച്ചിടുന്ന കാട്ടുപോത്തിന്റെ ഇറച്ചി ഉപ്പിട്ടുണക്കി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കുകയാണ് ചെയ്യുന്നത്. പോത്തിറച്ചി കൂടാതെ മ്ലാവിന്റെ ഇറച്ചിയും തമിഴ്നാട്ടിലും കുമളി ഭാഗത്തും വിൽപ്പനയ്ക്കായി സംഘം എത്തിച്ചതായിട്ടാണ് അറിയുന്നത്. തമിഴ്നാട്ടിലെ കുരങ്ങണിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നായാട്ടുകാരൻ മരിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
മരിച്ചയാൾക്കൊപ്പമുണ്ടായിരുന്ന നായാട്ടുസംഘത്തിലെ മറ്റ് അംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തങ്ങളെ കൂടാതെ വേറെയും നായാട്ടുസംഘങ്ങളുണ്ടെന്ന് ഇവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് വനംവകുപ്പും പൊലീസും ചേർന്നുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ മേഖലയിൽ ലൈസൻസില്ലാത്ത തോക്കുകൾ ധാരാളമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അധികവും ഇരട്ട കുഴലാണ്. ഈ തോക്ക് ഉപയോഗിച്ച് ആനയെ വരെ വെടിവച്ച് വീഴ്ത്താൻ കഴിയും.
ഇറച്ചിക്ക് ആവശ്യക്കാർ ഏറെ..
സാധാരണ ഒരു പോത്തിന് 300 കിലോയോളം തൂക്കമുണ്ടാവും. ഒരു കിലോ കാട്ടുപോത്തിന്റെ ഉണക്കയിറച്ചിക്ക് 600 മുതൽ 700 രൂപ വരെയാണ് വില. മുളകുപൊടി ചേർത്ത് ഉണക്കിയതാണെങ്കിൽ 50 രൂപ അധികം കൊടുക്കണം. ഉപ്പുചേർത്ത്, വനത്തിനുള്ളിലെ പാറയുടെ മുകളിലിട്ടാണ് ഇറച്ചി ഉണക്കുന്നത്. മ്ലാവിറച്ചിയാണെങ്കിൽ വനത്തിനുള്ളിൽ വച്ച് തൊലിയുരിച്ച് നാട്ടിലെത്തിക്കുകയാണ് പതിവ്. തേക്കടിയിലെ ചില ഹോട്ടലുകാർക്കാണ് പ്രധാനമായും ഇത് എത്തിച്ചുകൊടുക്കുന്നത്. കിലോയ്ക്ക് 900 രൂപയ്ക്കാണ് കച്ചവടം. സ്ഥിരം ആവശ്യക്കാരുള്ളതിനാൽ വിൽപ്പനയും പ്രശ്നമല്ല.
വെടികൊണ്ട പോത്തിനായി തെരച്ചിൽ
ഇടുക്കി തോണ്ടിമല സ്വദേശി മാരിയപ്പനാണ് (58) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന രാജകുമാരി നോർത്ത് സ്വദേശികളായ കണ്ണൻകുളങ്ങര സാജു ഗീവർഗീസ് (45), കാരപ്പള്ളിയിൽ കെ.കെ രാജേഷ് (48) എന്നിവരെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ ഇവരെ പിന്നീട് തമിഴ്നാട് ബോഡിമെട്ട് പൊലീസിന് കൈമാറി. കുരങ്ങണി വനത്തിന്റെ ഭാഗമായ പുലിയൂത്തിൽ വച്ചാണ് മാരിയപ്പൻ കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയത്. കൂറ്റൻ കാട്ടുപോത്ത് അനങ്ങാതെ കിടക്കുന്നതുകണ്ട് അരികെചെന്ന് നോക്കുന്നതിനിടയിൽ എണീറ്റ് മാരിയപ്പനെ കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. മാരിയപ്പനെ സഹായികൾ ചുമന്നുകൊണ്ട് കാടിന് പുറത്തെത്തിച്ച് വാഹനത്തിൽ തേനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപോത്ത് രക്ഷപ്പെടുകയും ചെയ്തു. ഇതിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |