വൈക്കം: പോക്‌സോ കേസിൽ പ്രതിയായ സംഗീതാദ്ധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപകൻ ആറാട്ടുകുളങ്ങര തെക്കുംകോവിൽ നരേന്ദ്രബാബുവിനെയാണ് (51) വീടിന് സമീപം പഴയ ചുടുകാട്ടിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ നിരപരാധിയാണെന്ന് എഴുതിയ കുറിപ്പുകൾ സമീപത്തെ വോളീബോൾ കോർട്ടിലെ നെറ്റിൽ തുണി വലിച്ചുകെട്ടി പിൻചെയ്തു വച്ചിരുന്നു. കുട്ടികളുടെ പേരിൽ നൽകിയ പരാതികളുടെ പകർപ്പും ഇതിലുണ്ട്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് ചീഫ്, മജിസ്‌ട്രേട്ട് എന്നിവർക്ക് പ്രത്യേകം കത്തുകൾ എഴുതി കവറിലാക്കി സമീപത്ത് വച്ചിട്ടുണ്ടായിരുന്നു. സ്‌കൂളിലെ 14 കുട്ടികൾ ഒപ്പിട്ടുനൽകിയ പരാതിയിലായിരുന്നു പോക്‌സോ കേസെടുത്തത്. നരേന്ദ്രബാബു നിരപരാധിയാണെന്നും സ്‌കൂളിലെ മറ്റ് ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
വൈക്കത്തിന്റെ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു നരേന്ദ്രൻ. സംഗീതത്തിൽ നാട്ടിലും നിരവധി ശിഷ്യരുണ്ട്. പോക്‌സോ കേസിൽ 45 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു. കേസിനെ തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്ന നരേന്ദ്രബാബുവിനെ ഇന്നലെ രാത്രിയും പലരും വൈക്കം ടൗണിൽ കണ്ടിരുന്നു. സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |