ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പെൺകുട്ടിയുടെ പാക് അനുകൂല മുദ്രാവാക്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും പെൺകുട്ടി വേദിയിലെത്തുകയായിരുന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്ന ആശയം ഉയർത്തിയ പരിപാടിയിൽ അസദുദ്ദീൻ ഒവൈസിയാണ് ഉദ്ഘാടകനായി എത്തിയത്. പെൺകുട്ടി പാക് മുദ്രാവാക്യം വിളിക്കുമ്പോൾ ഒവൈസിയും വേദിയിലുണ്ടായിരുന്നു. ഈ പെൺകുട്ടി എന്താണ് വിളിച്ച് പറയുന്നതെന്ന് ഒവൈസി വേദിയിൽ നിന്നും ചോദിച്ചു. നമ്മുടെ ശത്രുരാഷ്ട്രമായ പാകിസ്ഥാനെ ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒവൈസിക്ക് പിന്നാലെ പ്രവർത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ വീണ്ടും പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച് വേദിയിൽ തുടർന്നു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയിൽ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു.അമൂല്യ ലിയോണ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ പൊലീസ് പെൺകുട്ടിക്കെതിരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 124 എ, 153 എ, എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തെന്ന് സീനിയർ പൊലീസ് ഓഫീസർ ബി.രമേഷ് അറിയിച്ചു. ജാമ്യം നിഷേധിച്ച പെൺകുട്ടിയെ കോടതി മൂന്ന് ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം യുവതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |