ആലുവ: ലോകത്ത് മതസംഘർഷത്തെക്കാൾ മതങ്ങൾക്കുള്ളിലെ ഭിന്ന ആശയക്കാർ തമ്മിലുള്ള സംഘർഷമാണ് കൂടുതലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന 97 -ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോള കണക്കനുസരിച്ച് മതപരമായ സംഘർഷത്തിൽ ഒരു വർഷം ആയിരം പേരുടെ ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ താരതമ്യേന ഏറെ താഴെയാണ് ഇന്ത്യയിലേത്. വ്യത്യസ്ത ചിന്താഗതികൾ വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും സമഭാവനയോടെ കാണണം.
പ്രതിഷ്ഠയിലല്ല ചൈതന്യം കുടികൊള്ളുന്നതെന്നും ഓരോരുത്തരിലുമുള്ള ചൈതന്യമാണ് ക്ഷേത്രത്തിലുള്ളതെന്നുമാണ് ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. അത് വിഗ്രഹനിഷേധമല്ല, പകരം വിഗ്രഹത്തിൽ നിന്നു തുടങ്ങി പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ചൈതന്യത്തെ ഉൾക്കൊള്ളാനാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |