തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ജയമുറപ്പാക്കാൻ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മിന് അവകാശപ്പെട്ടതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിലുൾപ്പെടെ വ്യക്തമാക്കിയെങ്കിലും ജോസ്, ജോസഫ് പക്ഷങ്ങൾക്കിടയിലെ തമ്മിലടി തുടർന്നാൽ സീറ്റ് ഏറ്റെടുക്കേണ്ടിവരുമെന്ന പരോക്ഷ സൂചനയാണ് നേതൃത്വം നൽകിയതെന്നാണ് വ്യാഖ്യാനം.
ഇന്നലെ യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി കോൺഗ്രസ്, ലീഗ് നേതാക്കൾ നടത്തിയ ചർച്ചയിൽ പക്ഷേ കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസഫ് ആവർത്തിച്ചു. കെ.എം.മാണി ജീവിച്ചിരുന്നപ്പോഴും കുട്ടനാട്ടിൽ ജോസഫ് പറയുന്നയാളാണ് മത്സരിച്ച് പോന്നതെന്നും പാലായിൽ ജോസ് കെ.മാണി പറഞ്ഞ സ്ഥാനാർത്ഥിയെ തങ്ങൾ അംഗീകരിച്ചതാണെന്നും ജോസഫ് പറഞ്ഞു. ജോസഫിന് അവകാശപ്പെട്ട സീറ്റാണെന്ന് ജോസ് കെ.മാണിയെ മുന്നണിനേതൃത്വം ധരിപ്പിക്കണം.
ഉമ്മൻചാണ്ടി ഇന്നലെ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യത്തിൽ 29ന് എറണാകുളത്ത് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായും ഉഭയകക്ഷി ചർച്ച നടത്തും.
പാലായുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് യു.ഡി.എഫ് യോഗത്തിലുമുണ്ടായ ധാരണ. പിണറായി വിജയനെ നേരിട്ടെതിർത്തുള്ള പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു. കുട്ടനാട്ട് വിജയം അനിവാര്യമാണെന്നും വരുന്ന പൊതു തിരഞ്ഞെടുപ്പിൽ അത് മുന്നണിയുടെ ആത്മവിശ്വാസമുയർത്തുമെന്നുമാണ് യോഗത്തിലുയർന്ന വികാരം. മുന്നണിയുടെ കെട്ടുറപ്പ് ശക്തമാക്കാൻ എല്ലാ കക്ഷികളുമായും ചർച്ച നടത്തും.
ഘടകകക്ഷികൾക്കകത്തെ പ്രശ്നങ്ങളൊന്നും യോഗത്തിൽ കാര്യമായി ചർച്ചയായില്ല. അത്തരം ചർച്ചകൾ വേണ്ടെന്ന് തുടക്കത്തിൽ തന്നെ രമേശ് ചെന്നിത്തലയും ബെന്നി ബെഹനാനും അറിയിച്ചു. യോഗത്തിന്റെ പരിഗണനാവിഷയങ്ങളും അവർ അവതരിപ്പിച്ചു.
ഇനിയൊരു തോൽവി താങ്ങില്ല...
ഇനിയൊരു തോൽവി കൂടി താങ്ങാനുള്ള ശക്തി മുന്നണിക്കില്ലെന്നും അതിനാൽ കുട്ടനാടിന്റെ കാര്യത്തിൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ടത് ആമുഖപ്രസംഗം നടത്തിയ ബെന്നി ബെഹനാനാണ്. കുട്ടനാട്ടിൽ എൻ.സി.പി സ്ഥാനാർത്ഥിയെപ്പറ്റി സി.പി.എമ്മിന്റെ പ്രാദേശികനേതാക്കളിൽ നിന്നുയരുന്ന അഭിപ്രായപ്രകടനങ്ങൾ നമ്മുടെ സാദ്ധ്യത കൂട്ടുന്നതാണ്. അത് ഉപയോഗിക്കണമെന്നും ബെന്നി പറഞ്ഞു.
കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാൽ യു.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തുമെന്ന പ്രതീതി ജനങ്ങളിലുണർത്തുമെന്ന് കെ. മുരളീധരൻ പറഞ്ഞു. നമ്മെ തോല്പിക്കാൻ നമുക്കേ കഴിയൂവെന്നും ഇനിയത് ആവർത്തിക്കരുതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിക്കകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വേഗം പരിഹരിക്കണം. കോൺഗ്രസിൽ തർക്കങ്ങളാണെന്നത് മാദ്ധ്യമസൃഷ്ടിയാണെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |