മാഡ്രിഡ്: കൊറോണ ഭീകരതാണ്ഡവമാടുന്ന സ്‌പെയിനിൽ മൃതദേഹങ്ങൾ കുന്നു കൂടുന്നു. സ്‌പെയിനിലെ ലേയൂസേരയിലെ നഴ്സിംഗ് ഹോമുകൾ അണുവിമുക്തമാക്കുന്നതിനിടെ നിരവധി മൃതശരീരങ്ങൾ കണ്ടെത്തി. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങളാണ് സ്പാനിഷ് സൈനികർ കണ്ടെത്തിയത്. ഇതുവരെ സ്‌പെയിനിൽ മാത്രം 2700 ലേറെ പേരാണ് കൊറോണയിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതാകട്ടെ 514 പേർ. മൊത്തം വൈറസ് ബാധിതരുടെ എണ്ണം 39,600 കവിഞ്ഞു. ചൊവ്വാഴ്ച രാത്രി വരെ 6,600 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൊണ്ടുപോകുന്നതുവരെ ഇവ സൂക്ഷിക്കുമെന്ന് സർക്കാർ അറിയിച്ചു.
മൃതദേഹങ്ങൾ കുന്നുകൂടിയതോടെ ഇവ സൂക്ഷിക്കാൻ മാഡ്രിഡ് ഒരു പൊതു സ്‌കേറ്റിംഗ് റിങ്ക് ഏറ്റെടുത്തു. 1,535 പേർ സ്പാനിഷ് തലസ്ഥാനത്ത് മാത്രം മരിച്ചു. കൊറോണ വൈറസ് ബാധ കാരണം പ്രായമായവർ കിടക്കയിൽ രക്ഷപ്പെടാനാവാതെ മരിക്കുന്നുവെന്ന് സ്പാനിഷ് പ്രതിരോധമന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ കണക്കുകളോ ആശുപത്രികളുടെ വിവരങ്ങളോ കണ്ടെത്തിയിട്ടില്ല. ദുഷ്‌കരമായ ആഴ്ചയാണെന്നും ഇതു മറികടക്കാൻ അടിയന്തര നടപടി അനിവാര്യമാണെന്നും ആരോഗ്യ അടിയന്തര കേന്ദ്രം മേധാവി ഡോ. ഫെർണാണ്ടോ സിമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
5,400 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചതായും അധികൃതർ അറിയിച്ചു. വൈറസ് രോഗികളുടെ ചികിത്സയ്ക്കായി മാഡ്രിഡ് നഗരത്തിലെ രണ്ട് ഹോട്ടലുകളെ ആശുപത്രികളാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |