തിരുവനന്തപുരം: നാടാകെ കൊറോണയെ ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വർത്താക്കുറിപ്പിൽ പറഞ്ഞു.
തൊഴിലാളികൾക്കെന്നല്ല ആർക്കും സഞ്ചരിക്കാൻ അനുവാദമില്ല. നിന്നിടത്തുതന്നെ നിൽക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന ആവശ്യം അംഗീകരിക്കാനാവില്ല.
അന്യദേശ തൊഴിലാളികളോട് ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. 5000ത്തോളം ക്യാമ്പുകളിലായി 1,70,000ത്തിലേറെ അന്യദേശ തൊഴിലാളികളെ പാർപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാർക്കാണ്. എന്നാൽ, താമസ സൗകര്യം തൊഴിൽ കഴിഞ്ഞുള്ള സമയത്തേക്കു മാത്രമാണെന്നു മനസ്സിലാക്കി അവരെ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റാനാണ് സർക്കാർ തയ്യാറായത്. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കൾ മതി എന്നു പറഞ്ഞവർക്ക് അതു നൽകി. വൈദ്യസഹായത്തിന് സംവിധാനവുമുണ്ടാക്കി. എന്നിട്ടും അവർക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാൻ നടന്ന ശ്രമം നാടിനെതിരായ നീക്കമാണ്.
ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു വിരുദ്ധമാണ്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാൻ നിൽക്കരുത്. കുറ്റം ചെയ്തവരെ ഈ സർക്കാർ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |