ന്യൂഡൽഹി: ലോക്ക്ഡൗൺ എന്നത് കൊവിഡിനെ തടഞ്ഞു നിറുത്താനുള്ള താത്‌ക്കാലിക മാർഗം മാത്രമാണെന്നും പരിശോധനകൾ വലിയ തോതിൽ വർദ്ധിപ്പിച്ചാൽ മാത്രമെ രോഗ വ്യാപനം തടയാൻ കഴിയൂ എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിരോധ നടപടികളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ എന്നത് കൊവിഡ് വൈറസിനെ തടഞ്ഞു നിറുത്താനുള്ള ഒരു 'പോസ്' ബട്ടൺ മാത്രമാണ്. ലോക്ക്ഡൗണിനുശേഷം വൈറസ് വീണ്ടും വ്യാപിക്കും. ലോക്ക്ഡൗൺ കാലത്ത് കൂടുതൽ വെന്റിലേറ്ററുകളും പരിശോധനാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യ മേഖലയെ സജ്ജമാക്കണം. രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളും അല്ലാത്തതുമായി തിരിച്ച് പരിശോധനകൾ വർദ്ധിപ്പിക്കണം. കൊവിഡിനെതിരെയുള്ള യഥാർത്ഥ ആയുധം പരിശോധനയാണ്. പരിശോധനയിൽ വൈറസിന്റെ ഗതി മനസിലാക്കി തടയാനാകും. നാം വൈറസിനെക്കാൾ മുന്നിൽ ഓടിയെത്തണം. പത്തുലക്ഷം പേർക്ക് 199 എന്ന തോതിലുള്ള ഇപ്പോഴത്തെ പരിശോധന രോഗ വ്യാപനം തടയാൻ പര്യാപ്തമല്ല. മതിയായ പരിശോധന നടത്താതെ ഇളവുകൾ പ്രഖ്യാപിച്ചാൽ വീണ്ടും ലോക്ക്ഡൗൺ വേണ്ടി വരും.
ലോക്ക്ഡൗണിനുശേഷമുള്ള സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം. തയ്യാറെടുപ്പില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ കുടിയേറ്റ തൊഴിലാളികൾക്കുണ്ടായ ബുദ്ധിമുട്ട് നാം കണ്ടു. ഓരോ സംസ്ഥാനത്തും സാഹചര്യം വ്യത്യസ്‌തമാണ്. യു.പിയിലെയും കേരളത്തിലെയും സാഹചര്യങ്ങൾ ഒരുപോലെയല്ലെന്ന് എംപിയെന്ന നിലയിൽ അറിയാം. അതിനാൽ ദേശീയ തലത്തിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കണം. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്ക് കൂടുതൽ അധികാരം നൽകണം. കൊവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ കൂടുതൽ ഫണ്ട് നൽകണം. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാര കുടിശിക അടക്കം നൽകണമെന്നും രാഹുൽ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി നേരിടാൻ കുടിയേറ്റ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സൗജന്യറേഷനും ധനസഹായവും അടക്കം കൂടുതൽ സഹായം ലഭ്യമാക്കണം. വരും ദിനങ്ങളിൽ തൊഴിലില്ലായ്മ വർദ്ധിക്കും. ഉള്ളതെല്ലാമെടുത്ത് ചെലവഴിക്കുന്ന സർക്കാരും സാമ്പത്തിക പ്രതിസന്ധി മുന്നിൽകണ്ട് നീങ്ങണം. പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കൊവിഡിനെതിരെ ഏല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |