പാരീസ് : കൊവിഡ് വ്യാപനത്തെത്തുടർന്ന് നിറുത്തിവച്ചിരുന്ന ഫ്രഞ്ച് ലീഗ് വൺ ഫുട്ബാളിലെ അവശേഷിച്ചിരുന്ന മത്സരങ്ങൾ ഉപേക്ഷിച്ചതായി ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ അധികൃതർ അറിയിച്ചു. സെപ്തംബർ വരെ രാജ്യത്ത് കായിക മത്സരങ്ങൾ വേണ്ട എന്ന സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ലീഗ് മതിയാക്കിയത്. പോയിന്റ് നിലയിൽ മുന്നിലുണ്ടായിരുന്ന പാരീസ് സെന്റ് ജെർമ്മെയ്നെ ചാമ്പ്യന്മാരാക്കി പ്രഖ്യാപിച്ചാണ് ലീഗ് അവസാനിപ്പിച്ചത്.
ലീഗിൽ 11 മത്സരങ്ങൾ അവശേഷിക്കവേ പി.എസ്.ജി 68 പോയിന്റുകൾ നേടിയിരുന്നു.10 മത്സരങ്ങൾ ശേഷിക്കേ 56 പോയിന്റിലെത്തിയിരുന്ന മാഴ്സെയാണ് രണ്ടാം സ്ഥാനക്കാരായത്.ഇൗ രണ്ട് ക്ളബുകളും അടുത്ത സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിൽ നേരിട്ട് മത്സരിക്കും. മൂന്നാം സ്ഥാനക്കാരായ റെന്നെസ് യോഗ്യതാറൗണ്ടിലും മത്സരിക്കും.
കഴിഞ്ഞ എട്ട് സീസണുകളിൽ ഏഴാം തവണയാണ് പി.എസ്.ജി ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |