ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 11ന് പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് 9.10 ലക്ഷം കോടി രൂപയുടെ പദ്ധതികൾ. 13ന് ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായകൾക്കുള്ള സഹായം അടക്കം 5.94 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ, അന്യസംസ്ഥാന തൊഴിലാളികൾക്കും തെരുവുകച്ചവടക്കാർക്കും കർഷകർക്കുമടക്കം 3.16ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ. ഘട്ടംഘട്ടമായി വിവിധ മേഖലകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ
ആശ്വാസ പാക്കേജ് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനത്തോളം വരും. ലോക്ക്ഡൗണിന്റെ ആദ്യ നാളുകളിൽ സർക്കാർ പ്രഖ്യാപിച്ച 1.70ലക്ഷം കോടിരൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആനുകൂല്യങ്ങളും പിന്നീട് റിസർവ് ബാങ്ക് നൽകിയ
5.74 ലക്ഷം കോടി രൂപയുടെ ഇളവുകളും ഇതിലുൾപ്പെടും. ഇതുകൂടി കണക്കാക്കിയാൽ, കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ ഇതുവരെ പ്രഖ്യാപിച്ചത് 16.54 ലക്ഷം കോടി. ഇനിയുള്ള ദിനങ്ങളിൽ പ്രതീക്ഷിക്കേണ്ടത് 3.46 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനമാണ്. സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നൽകിയ 11,002 കോടി രൂപയും പി.എം കേയേഴ്സ് ഫണ്ടിന് കീഴിൽ കഴിഞ്ഞ ദിവസം അനുവദിച്ച 3,100 കോടി രൂപയും കൊവിഡ് പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |