കൊല്ലം: ലോക്ക് ഡൗൺ ഇളവുകളിൽ നാട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും പണിശാലകളും വ്യാപാര കേന്ദ്രങ്ങളും പൂർണതോതിൽ സജീവമായില്ല. പ്രവർത്തിച്ച് തുടങ്ങിയ ഫാക്ടറികൾ, വ്യവസായ കേന്ദ്രങ്ങൾ, വ്യാപാര ശാലകൾ, ഓഫീസുകൾ തുടങ്ങി ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന സ്ഥാപനങ്ങളൊക്കെ സജീവമാകാൻ ഇനിയും സമയം എടുത്തേക്കും. നൂറ് കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന വൻകിട വസ്ത്രശാലകൾ ഉൾപ്പെടെയുള്ളവ അടഞ്ഞ് കിടക്കുകയാണ്. ഇവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതക്കയത്തിലാണ്. നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾകൂടി പ്രവർത്തിച്ചാലും എല്ലാം പഴയതുപോലെയാകാൻ മാസങ്ങളെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വലിയ ജുവലറികൾ, തുണിക്കടകൾ
ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലെ വൻകിട ജുവലറികളിലും വസ്ത്രശാലകളിലുമായി ജോലി ചെയ്തിരുന്നത്. ഗോഡൗണിലും കടയിലുമായി ഇരുന്നൂറോളം തൊഴിലാളികൾ വരെയുള്ള വസ്ത്രശാലകൾ ജില്ലയിലുണ്ട്. സ്ഥാപനങ്ങൾക്ക് താഴ് വീണ മാർച്ച് 24 മുതൽ ഇവർ പട്ടിണിയിലാണ്.
ആളനക്കമില്ലാതെ നിർമ്മാണ മേഖല
വലിയ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിലച്ചിട്ട് ഒന്നര മാസത്തിലേറെയായി. നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യവും കൊവിഡ് മാർഗ്ഗ നിർദേശങ്ങളും വൻകിട പ്രവൃത്തികൾക്ക് തടസമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ദുരിതത്തിലാണ്.
തകർന്നടിഞ്ഞ് അസംഘടിത മേഖല
ചായക്കടയിലെ പൊറോട്ട അടിക്കുന്ന തൊഴിലാളി മുതൽ ഷാപ്പിലെ കറിക്കാരൻ വരെയടങ്ങുന്ന അസംഘടിത തൊഴിലാളി കുടുംബങ്ങൾ ദിവസങ്ങൾ തള്ളിനീക്കാൻ പാട് പെടുകയാണ്. ചെറുതും വലുതുമായ കൂലിപ്പണികൾ ചെയ്ത് ജീവിതം കണ്ടെത്തിയവരെല്ലാം തിരികെ വരാനാകാത്ത വിധം ദുരിതത്തിലാണ്.
ജീവിത വഴി അടഞ്ഞ് ഓട്ടോ തൊഴിലാളികൾ
ഓരോ ഓട്ടോറിക്ഷയും ഒരു കുടുംബമാണ്. കൊല്ലം നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്ത അയ്യായിരത്തിലേറെ ഓട്ടോകളുണ്ട്. പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളാണ് ജില്ലയിൽ സർവീസ് നടത്തിയിരുന്നത്. ലോക്ക് ഡൗൺ മുതൽ ഇവർ നിരത്തിലിറങ്ങിയിട്ടില്ല. പലിശയ്‌ക്ക് പണമെടുത്ത് വണ്ടി വാങ്ങി മരുന്നിനും ഭക്ഷണത്തിനും വക തേടി തെരുവിലിറങ്ങുന്നവരാണ് ഏറെയും. ഓട്ടോറിക്ഷകൾക്ക് ഇതുവരെ ഇളവുകളില്ല.
സ്വകാര്യ ബസ് തൊഴിലാളി ജീവിതങ്ങൾ
ജില്ലയിലെ എണ്ണൂറിലേറെ സ്വകാര്യ ബസുകളിലെ 2400 തൊഴിലാളികളും കുടുംബങ്ങളും കൊവിഡ് കാലം മാറാനുള്ള പ്രാർത്ഥനയിലാണ്. അനുബന്ധ ജോലികൾ ചെയ്യുന്ന ടയർ കടകൾ, വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ ജില്ലയിൽ രണ്ടായിരത്തിലേറെ തൊഴിലാളികളുണ്ട്.
കശുഅണ്ടിയുടെ നാട്, പക്ഷെ ..
കശുഅണ്ടി ഫാക്ടറികൾ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും തൊഴിൽ മേഖല സജീവമല്ല. പൊതുവെ ദുരിതത്തിലായിരുന്ന തൊഴിലാളികളുടെ ജീവിതത്തെ വലിയ തോതിൽ ഉലയ്ക്കുകയാണ് ലോക്ക് ഡൗൺ കാലം.
ഭാഗ്യം വിറ്റ് ജീവിച്ചവർ കണ്ണീരിൽ
ആശ്രയങ്ങളെല്ലാം ഇല്ലാതായപ്പോഴാണ് പലരും ലോട്ടറി വിൽപ്പനക്കാരായത്. അംഗവൈകല്യമുള്ളവർ, അസുഖക്കാർ, കാഴ്ച വൈകല്യം ബാധിച്ചവർ തുടങ്ങി പലരും കുടുംബം പോറ്റാൻ തിരഞ്ഞെടുത്ത തൊഴിൽ മേഖല ഇപ്പോഴും നിശ്ചലമാണ്. സമൂഹത്തിന്റെ കാരുണ്യത്തിലാണ് പല കുടുംബങ്ങളും കഴിയുന്നത്.
സിനിമ ശാലകൾ, മാളുകൾ, ആഡിറ്റോറിയങ്ങൾ
സിനിമാ ശാലകളിലെയും മാളുകളിലെയും ആഡിറ്റോറിയങ്ങളിലെയും ജീവനക്കാർക്ക് തൊഴിൽ തിരികെ കിട്ടാൻ കാത്തിരിപ്പ് വേണ്ടി വരും. ഇവിടെ പണിയെടുക്കുന്ന നൂറു കണക്കിന് തൊഴിലാളികളുടെ സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ടാക്‌സി, മിനി ബസ് മേഖല
കടമെടുത്തും പലിശയ്ക്കെടുത്തുമാണ് പലരും ടാക്സി കാറുകളും മിനി ബസുകളും വാങ്ങിയത്. അടുത്തിടെ മിനി ബസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കടം തിരിച്ചടവ് പോലും മുടങ്ങി ദുരിതത്തിലാണ് ഉടമകളും തൊഴിലാളികളും
സമാന്തര സ്ഥാപനങ്ങൾ, അദ്ധ്യാപകർ
ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് വളരെ മുമ്പേ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന ക്ലാസുകളും അടയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങളിലൂടെ ജീവിതം കണ്ടെത്തിയിരുന്ന ആയിരങ്ങളുടെ വരുമാനം നിലച്ചു. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ചെറിയ ശമ്പളം കിട്ടുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടങ്ങി പലരുടെയും ആശ്രയമാണ് സമാന്തര സ്ഥാപനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |