പാലക്കാട്: ജില്ലയിൽ മുംബൈയിൽ നിന്ന് വന്ന പാലക്കാട് കൊപ്പം സ്വദേശിക്ക് (35) കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു.
ഒമ്പതിന് രാവിലെ 11ന് നാല് കണ്ണൂർ സ്വദേശികൾ, രണ്ട് വയനാട് സ്വദേശികൾ, ഒരു പെരിന്തൽമണ്ണ സ്വദേശി ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘമായി ട്രാവലറിൽ യാത്ര തിരിച്ചു. പത്തിന് രാവിലെ തലപ്പാടി ചെക്ക് പോസ്റ്റിൽ എത്തി. തുടർന്ന് പെരിന്തൽമണ്ണ സ്വദേശിയും കൊപ്പം സ്വദേശിയും ഒരു ഡ്രൈവർ ഉൾപ്പെടെ കാറിൽ നാട്ടിലേക്ക് തിരിച്ചു. തുടർന്ന് കൊപ്പത്തെ ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിൽ പ്രവേശിച്ചു. 17ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 13 പേരായി. ഇവരിൽ ഒരാൾ വനിതയാണ്. ദമാമിൽ നിന്ന് വന്ന ആലത്തൂർ സ്വദേശി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
7301 പേർ വീടുകളിലും 47 പേർ ജില്ലാശുപത്രിയിലും മൂന്നുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആറുപേർ ഒറ്റപ്പാലം താലൂക്കാശുപത്രിയിലും രണ്ടുപേർ മണ്ണാർക്കാട് താലൂക്കാശുപത്രിയിലുമായി 7359 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |