കോട്ടയം: കടകളിൽ വിവിധതരം കുടകൾ നിറയേണ്ടതായിരുന്നെങ്കിലും മഴയെത്തിയിട്ടും ഇതുവരെ കുടവിപണി നിവർന്നിട്ടില്ല. ലോക്ക്ഡൗൺ വിപണിയെ ബാധിച്ചപ്പോൾ കുടയുടെ സീസൺ നീണ്ടുപോവുകയാണ്.
അസംസ്‌കൃത വസ്തുക്കൾക്കുണ്ടായ ക്ഷാമം മൂലം നിർമാണം നിലച്ചിരിക്കയാണ്. ലോക്ക് ഡൗൺ സമ്പൂർണ്ണമായി പിൻവലിക്കപ്പെട്ട് എല്ലാം നേരെയായാൽ മാത്രമേ കുടകളും കോട്ടും കടകളിലെത്തൂ. ഉത്പാദനം കൂടുതൽ നടക്കേണ്ട ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളെല്ലാം കൊവിഡ് കവർന്നു. തായ് വാനിൽ നിന്നാണ് കുടത്തുണി പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സീസൺ മുൻകൂട്ടി കണ്ട് കമ്പനികളെല്ലാം ഇറക്കുമതി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ എത്തുന്നേയുള്ളൂ. അദ്ധ്യയന വർഷാരംഭം നീളുന്നതിലാണ് കുട വിപണിയുടെ പ്രതീക്ഷ. അതേസമയം ലോക്ക്ഡൗണിൽ ആളുകൾ വീട്ടിലിരിക്കുന്നതിനാലും വർക്ക് അറ്റ് ഹോം സജീവമായതിനാലും ആദ്യം കോട്ടിന് ആവശ്യക്കാർ കുറവായിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കോട്ടിന് ഡിമാൻഡുണ്ട്. എന്നാൽ സ്റ്റോക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
പ്രതിസന്ധിക്ക് കാരണം
ഇന്ത്യൻ അസംസ്‌കൃത വസ്തുക്കൾ അതിർത്തി കടന്ന് വന്നിട്ടില്ല
കുടകൾ ഏപ്രിലിൽ നിർമ്മിക്കേണ്ടിയിരുന്നെങ്കിലും നടന്നില്ല
മഴ കനത്തെങ്കിലും ആവശ്യത്തിന്റെ പകുതി പോലും സ്റ്റോക്കില്ല
വിപണി ഉണരാൻ സ്കൂൾ തുറക്കും വരെ കാക്കേണ്ടിവരും
''ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴക്കാലമാണ് പ്രധാന വിപണി പ്രതീക്ഷിക്കുന്നത്. ചൂട് കൂടുതലായിരുന്നതിനാൽ വേനൽക്കാലത്തും ഇക്കുറി കുടയ്ക്ക് ഡിമാൻഡുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ സ്റ്റോക്കില്ല''
ജോസഫ് ജോർജ്, വ്യാപാരി
പ്രതീക്ഷ ഈ 2 മാസങ്ങളിൽ
ജൂൺ, ജൂലായ് മാസങ്ങളിൽ നഷ്ടപ്പെടുന്ന കച്ചവടം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴയിൽ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |