മലപ്പുറം: മീൻ വാങ്ങാനെത്തിയാൽ വില കേട്ട് തലയിൽ കൈവച്ചുപോവും. ലോക്ക്‌ഡൗണിന് മുമ്പുള്ളതിനേക്കാൾ ഇരട്ടിയിലധികം വിലയാണ് ഓരോ മീനിനും. തോന്നിയ വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. കോഴിയുടെ വില വർദ്ധനവിന് പിന്നാലെ പിന്നെയും വില കൂട്ടി. കൊള്ളവിലയെ തുടർന്ന് പ്രധാന മത്സ്യങ്ങൾക്കെല്ലാം കോഴിക്കോട് ജില്ലാ കളക്ടർ നിശ്ചിതവിലയിട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ ജില്ലയിലും ഇതിന്റെ ആവശ്യകതയേറുകയാണ്. മൊത്തവിതരണക്കാർ അമിതവില ഈടാക്കുന്നതാണ് വില കൂടാൻ കാരണമെന്നാണ് ചില്ലറ വിൽപ്പനക്കാർ പറയുന്നത്. ലേലം ഒഴിവാക്കി മത്സ്യഫെഡ് വില നിശ്ചയിച്ചാണ് കച്ചവടക്കാർക്ക് മീൻ നൽകുന്നതെങ്കിലും പലയിടങ്ങളിലും ഇടനിലക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കടലിൽ വച്ചുതന്നെ വില ഉറപ്പിച്ച് കയറ്റി അയക്കും. പുതിയ മത്സ്യങ്ങൾ മംഗലാപുരം മൊത്തവിതരണ മാർക്കറ്റിലേക്കാണ് പ്രധാനമായും കൊണ്ടുപോവുന്നത്. ജില്ലയിൽ ഏറെ ആവശ്യക്കാരുള്ള അയല, മത്തി മത്സ്യങ്ങളിൽ നല്ലൊരുപങ്കും ഇത്തരത്തിൽ കയറ്റി അയക്കുന്നത് ക്ഷാമം വർദ്ധിപ്പിക്കുന്നു. പകരം വലിയ മത്സ്യങ്ങളാണ് മംഗലാപുരം, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്നത്. മിക്കതും ഏറെ പഴക്കമുള്ളതാണ്. പുതിയ മത്സ്യങ്ങൾക്ക് മംഗലാപുരം മത്സ്യമാർക്കറ്റിൽ നല്ല വില ലഭിക്കും. പഴയ മത്സ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുമാവും. ഇവ ജില്ലയിലെത്തിച്ച് വലിയ ലാഭം കൊയ്യുകയാണ് മൊത്തവിതരണക്കാരുടെ രീതി.
എങ്ങനെ കഴിക്കും
ഒരുകിലോ അയലയ്ക്ക് 450 മുതൽ 480 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ അയല പോലും പരമാവധി 200 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്താണിത്. ചെറിയ ചെമ്മീനിന് 300 രൂപ മുതൽ ഈടാക്കുന്നു. ഈ സീസണിൽ കിട്ടേണ്ട അയല, അയക്കൂറ, ആവോലി എന്നിവ കുറച്ചാണ് കിട്ടുന്നത്. കുറച്ചെങ്കിലും ചെമ്മീൻ ലഭിച്ചതാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസം. ചെറിയ ഞണ്ടും ലഭിക്കുന്നുണ്ട്. ഇതിന് 300 രൂപയാണ് വില. അയക്കൂറ മത്സ്യത്തിന് ലോക്ക് ഡൗൺ മുതൽ 500 രൂപയ്ക്ക് മുകളിലാണ് വില. സാധാരണക്കാർ ആശ്രയിക്കുന്ന മത്തിക്ക് കിലോയ്ക്ക് 200ന് മുകളിലെത്തി. ജില്ലയിൽ പലയിടത്തും വ്യത്യസ്ത വിലയാണ്. 250 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |