ശ്രീനഗർ: ഇന്ത്യയ്ക്കുമേലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്കിടെ അവസരം മുതലാക്കി പാകിസ്ഥാനും. ചൈനയുടെ നടപടികൾക്ക് സമാനമായി ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രദേശമായ ഗിൽജിത്ത് ബാൾട്ടിസ്ഥാനിലാണ് പാകിസ്ഥാൻ സൈനിക വിന്യാസം നടത്തിയത്. ഇന്ത്യയുടേതായ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ അനധികൃതമായാണ് പാകിസ്ഥാൻ കൈവശം വച്ചിരിക്കുന്നത്.
അതേസമയം ലഡാക്കിലെ ഗാൽവാൻ താഴ്വരയിലും പാൻഗോംഗ് സോ തടാകത്തിനടുത്തുമായി ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ നിലനിൽക്കുന്ന സംഘർഷ സാദ്ധ്യതയ്ക്ക് ഇനിയും അയവുണ്ടായിട്ടില്ല. രണ്ടിടങ്ങളിലുമായി ആയിരത്തോളം സൈനികരെയാണ് ചൈന വിന്യസിച്ചിരിക്കുന്നത്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ ഇന്ത്യയും ഇവിടങ്ങളിലേക്ക് വൻതോതിൽ സൈനികരെ ഇറക്കിയിട്ടുണ്ട്.
'ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ പാലങ്ങളും, റോഡുകളും വ്യോമ പാതകളും നിർമിക്കുന്നതിനെ തടയാൻ ആർക്കും അവകാശമില്ല. ഞങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക തന്നെയാണ്. കിഴക്കൻ ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള ഒരു ഉദ്ദേശവുമില്ല' ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗാൽവാൻ താഴ്‌വരയിൽ മൂന്നിടങ്ങളിലും പാൻഗോംഗിൽ ഒരിടത്തുമാണ് ചൈന സൈന്യത്തെ ഇറക്കിയിരിക്കുന്നത്. പ്രധാനമായും കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.
എന്നാൽ ഈ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യ ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന് പോയിട്ടില്ലെന്ന് മാത്രമല്ല, ഇവിടങ്ങളിലെ സൈനിക സാന്നിദ്ധ്യം ഇന്ത്യ വർദ്ധിപ്പിച്ചിട്ടുമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്.
മെയ് അഞ്ചിനും ആറിനുമായി ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുകയും ഇരുഭാഗത്തുമുള്ള നൂറോളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാൻഗോംഗ് തടാകത്തിനടുത്തായി വ്യോമത്താവളം വിപുലീകരിക്കാൻ ആരംഭിച്ചുകൊണ്ട് ചൈന ഇന്ത്യയ്ക്ക് പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |