SignIn
Kerala Kaumudi Online
Wednesday, 05 November 2025 4.06 PM IST

ഉത്ര കൊലക്കേസ്: സർപ്പകോപമല്ലെന്ന് ആദ്യം അറിയിച്ചത് വാവാ സുരേഷ്, കേസിന് വഴിതിരിവായി

Increase Font Size Decrease Font Size Print Page
pic

കൊല്ലം: സർപ്പകോപമെന്ന നിലയിൽ അന്ധവിശ്വാസത്തോടെ പ്രചരിച്ച ഉത്രയുടെ കൊലപാതകം അന്വേഷണ വഴിയിലേക്ക് എത്തിച്ചത് പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. അഞ്ചലിൽ യുവതിയെ രണ്ടാമതും പാമ്പ് കടിച്ചതും മരണപ്പെട്ടതും വാർത്തകളിലൂടെ അറിഞ്ഞ വാവാ സുരേഷിന് അന്നേ സംശയമുണ്ടായിരുന്നു. ഉത്രയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് ഇത് സാധാരണ സംഭവമല്ലെന്നും പൊലീസിൽ കേസ് കൊടുക്കണമെന്നും അറിയിച്ചതും വാവ സുരേഷാണ്. സുരേഷ് അഞ്ചലിലെ ഉത്രയുടെ വീട്ടിലുമെത്തി പാമ്പ് കടന്നുവെന്ന് പറയുന്ന എല്ലാ സാഹചര്യങ്ങളും കളവാണെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്നലെ വാവ സുരേഷിനെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി. മണിക്കൂറുകളോളം സുരേഷുമായി സംസാരിച്ച് പാമ്പുകളുടെ ഓരോ രീതികളും മനസിലാക്കി.

ഉത്രയെ കടിച്ചത് മൂർഖൻ പാമ്പാണ്. എന്നാൽ മൂർഖൻ പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടാലും അത് രക്ഷപെടാനേ ശ്രമിക്കുകയുള്ളൂവെന്നും കടിയ്ക്കുന്നതിനുവേണ്ടി സൂരജ് മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും വാവ സുരേഷ് മൊഴിനൽകി. കേസിൽ സാക്ഷിപ്പട്ടികയിലും വാവ സുരേഷ് ഉൾപ്പെടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഉത്രയെ അടൂരിൽ വച്ചും പിന്നീട് അഞ്ചലിൽ വച്ചും പാമ്പ് കടിച്ചത് പാമ്പിന്റെ പകയാണെന്ന നിലയിലായിരുന്നു ആദ്യ പ്രചരണങ്ങൾ. സർപ്പകോപത്തിന് പരിഹാരക്രിയകൾ നടത്തണമെന്നുപോലും ചിലർ പറഞ്ഞതിനിടയിലേക്കാണ് തന്റെ അറിവുകൾ പങ്കുവയ്ക്കാൻ അന്ന് വാവാ സുരേഷ് മുതിർന്നതും രഹസ്യമാക്കിവയ്ക്കുമായിരുന്ന കൊലപാതകക്കേസ് തെളിയിക്കാൻ അത് കാരണമായതും.

TAGS: CASE DIARY, UTHRA MURDER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY