ന്യൂഡൽഹി:- ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ആദ്യമായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് മാർച്ച് 10 വരെ ഇന്ത്യയിൽ 50 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കൊവിഡ് ബാധയിൽ ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110 ദിവസത്തിനകം ഇന്ത്യയിൽ ഒരു ലക്ഷം പേർക്ക് രോഗം ബാധിച്ചു. പിന്നീട് 15 ദിവസത്തിനകം ഇപ്പോൾ രണ്ട് ലക്ഷമായി.
രോഗം ശക്തമായി തുടരുമ്പോഴും രോഗത്തിനെതിരായ പ്രതിരോധ നടപടികൾ ശക്തമാണെന്നാണ് കേന്ദ്രസർക്കാർ വാദം. മറ്റ് വികസിത രാജ്യങ്ങളെക്കാൾ മരണനിരക്ക് രാജ്യത്ത് വളരെ കുറവാണെന്നാണ് അത് പറയാനുള്ള പ്രധാന കാരണം.കൊവിഡ് രോഗ ബാധിതർക്ക് രാജ്യത്ത് വളരെ വേഗം രോഗം ഭേദമാകുന്നുണ്ടെന്നും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യത്തിലും വ്യത്യാസമുണ്ട്. ഒന്നേകാൽ ലക്ഷം പേരെയാണ് ദിവസവും രാജ്യത്ത് പരിശോധനക്ക് വിധേയമാക്കുന്നത്. നാല്പത് ലക്ഷത്തോളം പരിശോധനകൾ ഇന്ത്യയിൽ നടത്തിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ലോകത്ത് ആദ്യ അഞ്ച് രാജ്യങ്ങളിൽ വരും ഇന്ത്യ. അമേരിക്ക, റഷ്യ, ഇംഗ്ളണ്ട്, സ്പെയ്ൻ എന്നിവരാണ് മറ്റ് നാലുപേർ.
ആകെ രോഗബാധിതരായവരിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൺ, സ്പെയിൻ, ഇറ്റലി എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങൾ. ഏറ്റവുമധികം ജനങ്ങൾ മരിച്ച രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യ വരുന്നില്ല. ലോകമാകെ 27 ലക്ഷം പേരാണ് രോഗമോചിതരായത്. 4.6 ലക്ഷം പേർ രോഗമോചിതരായ അമേരിക്ക തന്നെയാണ് ഇതിലും ഒന്നാമത്. ആദ്യ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും ചൈനയുമുണ്ട്.
ആക്ടീവ് കേസുകളുടെ കണക്കിൽ അമേരിക്ക 11 ലക്ഷം പേരുമായി ഒന്നാമതാണ്. ഇന്ത്യ ആദ്യ അഞ്ച് രാജ്യങ്ങളിൽ പെടും. എന്നാൽ രാജ്യത്ത് സാമൂഹ്യ വ്യാപനം ഉണ്ടായി എന്ന് ഇന്ത്യ സമ്മതിച്ചിട്ടില്ല. മാത്രമല്ല രോഗം മൂർച്ഛിച്ച അവസ്ഥയിലല്ല രാജ്യം എന്നാണ് സർക്കാർ വാദം. 'രാജ്യത്തെ പ്രതിരോധ നടപടികൾ വളരെ ഫലപ്രദമാണ്. മറ്റ് രാജ്യങ്ങളുമായി നോക്കുമ്പോൾ ഇന്ത്യ ഭേദമായ അവസ്ഥയിലാണ്.' ഐസിഎംആറിലെ ശാസ്ത്രജ്ഞനായ നിവേദിത ഗുപ്തയും ഇത് ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |