ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്കു മുങ്ങിയ വ്യവസായി ഭീമൻ വിജയ് മല്യയെ ഇന്ന് മുംബയിൽ കൊണ്ടുവരും. സി.ബി.ഐയുടെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥരാണ് ലണ്ടനിൽ നിന്ന് മല്യയെ കൊണ്ടുവരുന്നത്. മുംബയ് വിമാനത്താവളത്തിലെത്തിക്കുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ആർതർ റോഡ് ജയിലിലാകും മല്യയെ പാർപ്പിക്കുക.
കോടതിയിൽ ഹാജരാക്കി സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതിനുശേഷം എൻഫോഴ്സ്‌മെന്റും ചോദ്യം ചെയ്യും. നിയമത്തിന്റെറ അവസാന കണ്ണിയും ഉപയോഗിച്ച് ഇന്ത്യയിലേക്ക് വരാതിരിക്കാൻ സകലശ്രമവും മല്യ നടത്തിയിരുന്നു. അതെല്ലാം പൊളിയുകയായിരുന്നു. മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ മേയ് 14ന് ബ്രിട്ടനിലെ ഉന്നതകോടതി ഉത്തരവിട്ടിരുന്നു. 17 ബാങ്കുകളിൽ നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാർച്ചിൽ മല്യ രാജ്യംവിട്ടത്. നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത്.
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ നൽകിയ അപ്പീലിൽ 2018 ആഗസ്റ്റിൽ വാദംകേട്ട കോടതി, അദ്ദേഹത്തെ കൈമാറിയാൽ ഏതു ജയിലിലാണ് പാർപ്പിക്കുകയെന്ന് അന്വേഷണ ഏജൻസികളോടു ചോദിച്ചിരുന്നു. മുംബയിൽ അതീവസുരക്ഷയിലാകും തടവിലാക്കുകയെന്നാണ് ഏജൻസികൾ നൽകിയ മറുപടി.
കോടീശ്വരൻ അറസ്റ്റിലായി വരുന്ന കാഴ്ച സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതാണ്. അതാണ് അധോലോകത്തിന്റെ തറവാടായ മുംബയിൽ ഇന്ന് കാണാൻ പോകുന്നത്. പൊലീസും പട്ടാളവുമൊക്കെ മല്യക്ക് മുന്നിൽ ഓച്ചാനിച്ച് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു സി.ബി.ഐയും ഒരു എൻഫോഴ്സ്മെന്റും എത്തിനോക്കാതിരുന്ന മല്യയുടെ സാമ്രാജ്യത്തിന്റെ തിരക്കഥ കാലം മാറ്റി എഴുതി.
ബാങ്കുകളെ വെട്ടിച്ച് പണവുമായി മുങ്ങിയ മല്യയുടെ ജീവിതം വിദേശ രാജ്യങ്ങളിലായി. ഇന്ത്യ കടന്നാൽ പിന്നെ താൻ സുരക്ഷിതൻ എന്ന് കരുതി പണത്തിന്റെ ഹുങ്കിൽ വാണിരുന്ന മല്യയുടെ ജീവിത കഥയിൽ നിയമം ക്ളാപ്പടിച്ചു നിന്നു. മല്യക്ക് പിന്നാലെ ഇന്ത്യാ മഹാരാജ്യം കണ്ണടയ്ക്കാതെ ചേയ്സ് നടത്തിയപ്പോൾ പോയ ട്രാക്കിലൂടെ തന്നെ മല്യ തിരിച്ചുവരികയാണ്. വെട്ടിപ്പ് കേസിലെ പ്രതിയായി. മുംബയുടെ അധോലോകത്തിൽ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ആ കഥയുടെ പച്ചയായ ജീവിതാവിഷ്കാരമായി മല്യയുടെ വരവ് മാറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |