തിരുവനന്തപുരം: പാർട്ടിയെന്നാൽ കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന പ്രസ്താവന നടത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. എല്ലാവരും നിയമത്തിന് വിധേയരാണെന്നുപറഞ്ഞ അദ്ദേഹം കോടതിക്കും പൊലീസിനും സമാന്തരമല്ല പാർട്ടി സംവിധാനം എന്നും പറഞ്ഞു. പാർട്ടിക്കുള്ളിലെ പരാതിയാണ് പാർട്ടി പരിശോധിക്കുന്നത്. നിയമസംവിധാനം അംഗീകരിക്കുന്ന പാർട്ടിയാണ് സി.പി.എം -കോടിയേരി പറഞ്ഞു.
സി.പി.എം അംഗങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന പരാതികൾ പാർട്ടിതലത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും എന്നാകും വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എം. പാർട്ടിക്കുള്ളിൽ അംഗങ്ങളെപ്പറ്റി പരാതി ലഭിച്ചാൽ അന്വേഷിക്കാൻ അതിന്റേതായ സംവിധാനമുണ്ട്. പക്ഷേ ആ വിഷയത്തിൽ പൊലീസിലോ കോടതിയിലോ പരാതി നൽകിയാൽ അതിൽ സി.പി.എം ഇടപെടില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാവാത്ത സാഹചര്യത്തിലുണ്ടാക്കിയ താൽക്കാലിക പഠനസഹായ സംവിധാനമാണ് കേരളത്തിലെ ഓൺലൈൻ ക്ലാസുകൾ. അത് പി.ബി നിലപാടിന് വിരുദ്ധമല്ല. ചർച്ച ചെയ്ത് ഇതിൽ വ്യക്തത വരുത്തിയിട്ടുണ്ട്. സി.പി.എം നിലപാട് ഓൺലൈൻ വഴി അംഗങ്ങളിലെത്തിക്കും. അതുവഴി ജനങ്ങളും പാർട്ടിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. 13ന് ജില്ലാ, ഏരിയാ കമ്മിറ്റിയംഗങ്ങൾക്കും ലോക്കൽസെക്രട്ടറിമാർക്കും ഓൺലൈൻ റിപ്പോർട്ടിങ്ങും ഉണ്ടാകും.
അതേസമയം, കോൺഗ്രസിനകത്ത് തനിക്കെതിരായ ചേരിതിരിവ് വന്നതോടെ താനാണ് വലിയ മാർക്സിസ്റ്റ് വിരുദ്ധനെന്ന് കാണിക്കാനുള്ള വെപ്രാളമാണ് മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വിളിച്ചുപറഞ്ഞ് പ്രതിപക്ഷനേതാവ് പ്രകടിപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. പദവിക്ക് യോജിച്ചതാണോയിതെന്ന് പരിശോധിച്ച് അദ്ദേഹം തിരുത്തണം. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഏത് വിഷയത്തിലും രാഷ്ട്രീയമുതലെടുപ്പ് നടത്തണമെന്ന ഉദ്ദേശമാണ് പ്രതിപക്ഷനേതാവിന്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെല്ലാം സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |