പാലോട്: വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് ഗണിത ശാസ്ത്രം അവതരിപ്പിച്ചിരുന്ന സ്കൂൾ അദ്ധ്യാപകനായ നന്ദിയോട് ഓട്ടുപാലം കല്ലണയിൽ അത്തം ഹൗസിൽ ജി.ബിനുകുമാറിനെ (43) തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 9 മണിയോടെ വീടിന് സമീപത്തെ തോട്ടിൽ വീണിരിക്കാമെന്നാണ് നിഗമനം. വീട്ടിൽ സാധാരണ എത്താറുള്ള സമയം കഴിഞ്ഞപ്പോൾ ബന്ധുക്കൾ സുഹൃത്തുക്കളെ വിളിച്ച് ബിനുവിനെ കുറിച്ച് അന്വേഷിച്ചിരുന്നു. സഹപ്രവർത്തകന്റെ ബൈക്കിൽ വീടിന് സമീപത്ത് ബിനുകുമാറിനെ രാത്രി 9ന് എത്തിച്ചെന്നായിരുന്നു വിവരം. പാലോട് പൊലീസിന്റെയും വിതുര ഫയർഫോഴ്സിന്റെയും സഹകരണത്തോടെ നാട്ടുകാർ പുലർച്ചെ 1 മണി വരെ തോട്ടിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നുവെന്നു കരുതുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പാലോട് സി.ഐ സി.കെ. മനോജിന്റെയും എസ്.ഐ സതീഷ് കുമാറിന്റേയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വിതുര ഗവ:യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ദർശനാ സ്കൂൾ അദ്ധ്യാപിക കൃഷ്ണപ്രിയയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ ഏക മകളാണ്. ഗോവിന്ദപിള്ള പിതാവും മഹേശ്വരി അമ്മ മാതാവുമാണ്. സഞ്ചയനം :വ്യാഴം രാവിലെ 9 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |