കൊല്ലം: ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ വ്യാപകമായതോടെ ആനവണ്ടിയുടെ ഓട്ടം താറുമാറായി. ബസുകൾ കണ്ടെയ്ൻമെന്റ് സോണുകൾക്ക് മുന്നിൽ സർവീസുകൾ അവസാനിപ്പിക്കുന്നതിനാൽ ജനങ്ങൾക്കും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.
അന്തർജില്ലാ സർവീസിന് അനുമതി ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം 320 ഓളം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസത്തെ കണക്ക് പ്രകാരം 187 ബസുകൾ മാത്രമാണ് നിരത്തിലിറക്കിയത്. ഗ്രാമീണ മേഖലയിലുള്ള സർവീസുകളാണ് കൂടുതലും വെട്ടിച്ചുരുക്കിയത്. ആര്യങ്കാവ് ഡിപ്പോയിൽ നിന്നും കഴിഞ്ഞ രണ്ട് ദിവസമായി ഒരു ബസ് പോലും ഓപ്പറേറ്റ് ചെയ്യുന്നില്ല.
ഡിപ്പോകൾ നിലവിലുള്ള സർവീസുകൾ
ചടയമംഗലം: 15
ചാത്തന്നൂർ: 20
കരുനാഗപ്പള്ളി: 32
കൊല്ലം: 39
കൊട്ടാരക്കര: 40
കുളത്തൂപ്പുഴ: 5
പത്തനാപുരം: 16
പുനലൂർ: 20
ആര്യങ്കാവ്: 0
സ്വകാര്യ ബസുകളും പിൻവലിയുന്നു
കാലിയോടി നഷ്ടം സഹിക്കാനാകാതെ സ്വകാര്യ ബസുകളും നിരത്തിൽ നിന്ന് പിൻവലിയുകയാണ്. കൊല്ലം നഗരത്തിൽ മാത്രമാണ് കുറച്ച് സർവീസുകളെങ്കിലും നടത്തുന്നത്. ജില്ലയിൽ ഏകദേശം 850 സ്വകാര്യ ബസ് പെർമിറ്റുകളാണുള്ളത്. ഇതിൽ 75 ഓളം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നിരത്തിലിറങ്ങിയത്. വരും ദിവസങ്ങളിൽ എണ്ണം വീണ്ടും ഇടിഞ്ഞേക്കും.
..............................................
തിങ്കളാഴ്ചയോടെ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിൽ നിന്ന് പിൻവലിയും. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ രണ്ടുമാസക്കാലമായി സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല.
മേയ് 18 മുതൽ സർക്കാർ കർശന നിയന്ത്രണങ്ങളോടെ ഒരു സീറ്റിൽ ഒരു യാത്രക്കാരൻ എന്ന ക്രമത്തിൽ 50 ശതമാനം യാത്രക്കാരെ കയറ്റി മാത്രം സർവീസിന് അനുമതി നൽകി. തന്മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ യാത്രാനിരക്കിന്റെ 50 ശതമാനം വർദ്ധനവ് വരുത്തി. ജൂൺ 1 മുതൽ കൂടുതലായി ബസുകൾ നിരത്തിലിറക്കിയെങ്കിലും യാത്രാനിരക്ക് പഴയ രീതിയിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യവസായത്തിന്റെ സാമ്പത്തികാടിത്തറ തന്നെ ഇളക്കി. സ്വകാര്യ ബസുകൾക്ക് ഡീസൽ പോലും അടിക്കാൻ കഴിയാത്തവിധം വരുമാനം കുത്തനെ താഴ്ന്നു. സംസ്ഥാനത്തുടനീളം സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവച്ചു. ഇനിയും നഷ്ടം സഹിച്ച് ബസുടമകൾക്ക് സർവീസ് നടത്താൻ കഴിയില്ല.
ലോറൻസ് ബാബു, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |