വെമ്പായം: തളിർ വെറ്റിലയുണ്ടോ, വരദക്ഷിണ വയ്ക്കാൻ എന്ന് ചോദിച്ച് ആവശ്യക്കാർ വന്നിടത്ത് തളിർ വെറ്റില വേണോ എന്നു ചോദിച്ചു നടക്കേണ്ട ഗതികേടിലാണ് വെറ്റില കർഷകർ. മലയാളിയുടെ മംഗള കാര്യങ്ങളിലെല്ലാം ഒഴിച്ച് കൂടാനാവാത്ത ശുഭലക്ഷണങ്ങളിൽ ഒന്നായ വെറ്റിലയുടെ അവസ്ഥ ഇപ്പോൾ അത്ര ശുഭമല്ല. ആയുർവേദ ഉത്പാദനത്തിനുൾപ്പെടെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ഇന്ന് വിപണിയിൽ വൻ വിലത്തകർച്ചയാണ് നേരിടേണ്ടി വരുന്നത്. വെറ്റില കർഷകരാകട്ടെ പ്രതിസന്ധിയിലും.
ലോക്ക് ഡൗൺ അടച്ചിടലിനെ തുടർന്ന് കർഷർക്ക് വെറ്റില വിൽക്കാൻ പറ്റാതെയും വന്നു. ഉത്സവങ്ങളും വിഷുവും ആഘോഷമില്ലാതെ പോയി. പ്രദേശത്ത് കടയ്ക്കൽ, കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട്, വാമനപുരം നെടുമങ്ങാട് എന്നിവിടങ്ങളിലെ ചന്തകളിലാണ് പ്രധാനമായും വെറ്റില വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ ഒരിക്കലാണ് വെറ്റിലയുടെ വിളവെടുപ്പ്. മിക്ക ചന്തകളും ഞായറാഴ്‌ചയാണ് നടക്കുന്നത്. അതു കൊണ്ട് തന്നെ കർഷകർ ഈ ദിവസം ലക്ഷ്യമാക്കിയായിരുന്നു വിളവെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ഞായറാഴ്ച ലോക്ക് ഡൗൺ ആക്കിയതോടെ ചന്തകൾക്ക് പ്രവർത്തനാനുമതിയും ഇല്ലാതായി. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ മറ്റു ദിവസങ്ങളിലും ചന്ത പ്രവർത്തിക്കുന്നില്ല. ഇതോടെ വീണ്ടും കർഷകർ പ്രതിസന്ധിയിലായി. ആഴ്ചതോറും വരുമാനം കിട്ടുന്ന കൃഷിയായതിനാൽ ധാരാളം പേർ ഉപജീവന മാർഗമായി ഇതിനെ കണ്ടുരംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ നിലവിലെ അവസ്ഥവച്ച് ഇവർ മറ്റ് മേഖലകളിലേക്ക് തിരിയാനുള്ള പുറപ്പാടാണ്.
ദുരിതത്തിലായി
മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണി വിലയിൽ സ്ഥിരതയോ ഇല്ലാത്തതിനാൽ കർഷർക്ക് എന്നും നഷ്ട കച്ചവടമാണ്. കൂലിക്ക് ആളെവച്ചു ജോലി ചെയുന്ന കർഷകരാണ് ഏറെ കഷ്ടത്തിലാകുന്നത്. കർഷകർ ചന്തയിലെത്തിക്കുന്ന വെറ്റില മൊത്ത കച്ചവടക്കാരാണ് വാങ്ങുന്നത്. മൊത്തക്കച്ചവടക്കാർ ചാലയിലെ കടകളിലേക്കും ഗ്രാമപ്രദേശങ്ങളിലെ മുറുക്കാൻ കടകളിലും വിതരണം നടത്തും.
കഴിഞ്ഞ ദിവസം ഒരു കെട്ട് വെറ്റിലയുടെ വില - 5 രൂപ മുതൽ 7 രൂപ വരെ.
കഴിഞ്ഞ വർഷം ഇതേ സമയം - 100 - 120 രൂപ
ആഴ്ചയിൽ ഒരിക്കലാണ് വിളവെടുപ്പ്
ഒരു അടുക്കിൽ 24 വെറ്റില
നാല് അടുക്ക് വെറ്റില ചേരുമ്പോൾ ഒരു കെട്ട് വെറ്റില
100 അടുക്ക് വെറ്റില നുള്ളി അടുക്കിയെടുക്കണമെങ്കിൽ നാല് പേർ വൈകുന്നേരം വരെ ജോലി ചെയ്യണം
ഒരാളുടെ കൂലി - 700
കഴിഞ്ഞ ദിവസം 100 കെട്ട് വെറ്റിലയുടെ പരമാവധി വില - 700
അതിരാവിലെ വെറ്റില ചന്തയിൽ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് കൂലി വേറെ
****പ്രധാന പ്രശ്നങ്ങൾ
പാൻമസാലയുടെയൊക്കെ വരവോടെ മുറുക്കാൻ കടകളിൽ കച്ചവടം കുറഞ്ഞതും വിലത്തകർച്ചയ്ക്ക് കാരണമാണ്
കല്യാണങ്ങൾ മാറ്റിവെച്ചതുമൊക്കെ വെറ്റില വിപണിയെ സാരമായി ബാധിച്ചു.
ഗ്രാമങ്ങളിൽ മാത്രമാണ് വെറ്റില കൃഷി അവശേഷിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് അതും ഇല്ലാതാകുന്ന അവസ്ഥയാണ്. ജോലി കൂലി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. പലരും ഈ കൃഷി ഉപേക്ഷിച്ച് തുടങ്ങി.
സത്യശീലൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |