ന്യൂഡൽഹി: ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളും തുറക്കുന്നതുൾപ്പെടെ, തീവ്ര കൊവിഡ് മേഖലയ്ക്കു പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും. രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നതിനിടെയാണ് 'അൺ ലോക്ക്- വൺ' എന്ന പേരിൽ ആദ്യഘട്ട ഇളവുകൾ. അതേസമയം, കേരളത്തിൽ നിയന്ത്രണങ്ങളോടെയുള്ള അൺലോക്ക് ഇളവുകൾ നാളെ മുതൽ അനുവദിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
രാജ്യമാകെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഈ 30 വരെ ലോക്ക് ഡൗൺ തുടരും. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യു.പി, തെലങ്കാന സംസ്ഥാനങ്ങൾ 30 വരെയും ബംഗാളും മദ്ധ്യപ്രദേശും 15 വരെയും ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ഒഡിഷയിലും,രാജസ്ഥാനിലും ആരാധനാലയങ്ങളും മാളുകളും ജൂൺ 30 വരെ തുറക്കില്ല. ഗോവയിൽ ആരാധനാലയങ്ങൾ തുറക്കാൻ മതനേതൃത്വങ്ങൾ അനുകൂലിച്ചിട്ടില്ല.
കൊവിഡ് രൂക്ഷമായ ഡൽഹിയിൽ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറൻറുകളും തുറക്കും. അതിർത്തികളും തുറന്നു. ഹരിയാനയിൽ ഗുഡ്ഗാവ്, ഫരീദാബാദ് ജില്ലകളിലൊഴികെ മാളുകളും ആരാധനാലയങ്ങളും റസ്റ്റോറൻറുകളും അനുവദിക്കും. ഗുജറാത്തിൽ ആരാധനാലയങ്ങളിൽ ദർശനം മാത്രമേ അനുവദിക്കൂ. പശ്ചിമബംഗാളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. താജ്മഹൽ ഉൾപ്പെടെ 3691 ചരിത്ര സ്‌മാരകങ്ങൾ തുറക്കുന്നതിൽ ആർക്കിയോളജിക്കൽ സർവേ തീരുമാനമെടുത്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂലായിലെ അൺലോക്ക് രണ്ടാം ഘട്ടത്തിലേ തീരുമാനിക്കൂ. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ, പൊതു ചടങ്ങുകളും കൂട്ടായ്‌മകളും തുടങ്ങിയവ അനുവദിക്കുന്നതിലെ തീരുമാനം മൂന്നാംഘട്ടത്തിലുണ്ടാകും.
മാസ്‌ക്, സാമൂഹ്യ അകലം എന്നിവ സംബന്ധിച്ച നിബന്ധനകൾ തുടരും.
മാർച്ച് 25 നാണ് രാജ്യവ്യാപക ലോക്ക് ഡൗൺ തുടങ്ങിയത്.
കേന്ദ്രത്തിന്
ആശങ്ക
ആളുകൾ സാമൂഹിക അകലമടക്കം നിബന്ധനകൾ പാലിക്കാത്തത് കേന്ദ്രസർക്കാരിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദ്ദേശം സംസ്ഥാനങ്ങൾക്ക് വീണ്ടും നൽകും. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞതും രോഗമുക്തി കൂടിയതും ആശ്വാസകരമാണ്.
ഗുരുവായൂർ
നാളെ മുതൽ
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിബന്ധനകളോടെ ദർശനം അനുവദിക്കും. ദിവസവും 600 പേർക്കു മാത്രമാണ് ദർശനാനുമതി. ശബരിമലയിൽ 14 മുതൽക്കേ ദർശനമുണ്ടാകൂ. രാമകൃഷ്ണ മിഷൻ ആസ്ഥാനമായ പശ്ചിമബംഗാളിലെ ബേലൂർ മഠം ജൂൺ 15ന് തുറക്കും. ആന്ധ്രാപ്രദേശിലെ തിരുപ്പതി, മദ്ധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രം, പഞ്ചാബിലെ സുവർണക്ഷേത്രം എന്നിവ ഇന്ന് നിയന്ത്രണങ്ങളോടെ തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |