ന്യൂഡൽഹി: ഈ മാസം 23ന് നടക്കാനിരുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു .പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിറുത്തിയാണ് ഉത്തരവ്.
രഥയാത്രയോട് അനുബന്ധിച്ച് 20 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണുള്ളത്. ക്ഷേത്രത്തിന് ഉള്ളിലെ ചടങ്ങുകൾ അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ മതപരമായ കാര്യങ്ങളിലെ ആവേശം എന്തൊക്കെ വരുത്തിവയ്ക്കുമെന്ന് തങ്ങൾക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പുരി രഥയാത്രയുടെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന രഥയാത്രകളും തടയാൻ സുപ്രീം കോടതി ഒഡീഷ സർക്കാരിനോട് നിർദേശിച്ചു.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏകദേശം പത്ത് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന രഥയാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീസ വികാസ് പരീക്ഷത്താണ് കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |