കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾ നടിയിൽ നിന്ന് 10 ലക്ഷം രൂപ ലക്ഷ്യമിട്ടെന്ന് വിവരം. ഷംനയെ കൂടാതെ കൂടുതൽ പേരിൽ നിന്നും ഇവർ പണം തട്ടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് രണ്ടുമോഡലുകളാണ് പ്രതികൾക്കെതിരെ മരട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
ദുബായിലെ ബിസിനസ് അത്യാവശ്യത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. അൻവർ എന്ന പേരിലാണ് പ്രതി ഷംനയെ വിളിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വ്യക്തമാക്കി.
ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷംനയുടെ കരിയർ നശിപ്പിക്കുമെന്നായിരുന്നു പ്രതികളുടെ ആദ്യ ഭീഷണി. പണം ആവശ്യപ്പെട്ടതോടെയാണ് നടി പൊലീസിൽ പരാതി നൽകിയത്. വിവാഹാലോചനയുമായി മരടിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും മൊബൈലിൽ ചിത്രീകരിച്ചു. പണം ആവശ്യപ്പെട്ട വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. വഞ്ചന, ഭീഷണിപ്പെടുത്തൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |