കൊച്ചി: നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായവർക്കെതിരെ പൊലീസ് മനുഷ്യകടത്ത് വകുപ്പ് ചുമത്തി. ഷംന കാസിമിന് പിന്നാലെ പ്രതികൾക്കെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് നടപടി.
യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ മനുഷ്യകടത്ത് ഉൾപ്പെടെ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്റെ വെളിപ്പെടുത്തൽ. മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും, എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
മാർച്ച് നാലിന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായിരുന്നില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്. മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും, സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതി.
സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വർണ കടത്തിന് നിർബന്ധിച്ചതെന്ന് യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |