തിരുവനന്തപുരം: തുടർച്ചയായുള്ള ആരോപണങ്ങൾ ക്ലച്ചുപിടിക്കാത്തതിലുള്ള ജാള്യതയാണ് പ്രതിപക്ഷത്തിനെന്നും പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതകളുമായി പൊരുത്തപ്പെടാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന് തുടക്കം മുതൽ നിഷേധാത്മക നിലപാടാണ് ഉള്ളതെന്നും .പ്രതിസന്ധികളിൽ സർക്കാരിനെ ആക്രമിക്കാനാണ് അവർക്ക് താത്പര്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രാലയത്തിന്റേതടക്കമുള്ള കൺസൾട്ടൻസി ചെയ്യുന്നവരാണ് പി.ഡബ്‌ള്യു.സിയെന്നും മുഖ്യമന്ത്രി വ്യക്മാക്കി. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ പ്രതികരണം.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി സെബി വിലക്കിയതാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് സെബിയുടെ വിലക്ക് നിലവിലില്ല. വിലക്ക് നിലവിലുള്ളത് പ്രൈസ് വാട്ടര്‍ ഹൗസ് ആന്‍ഡ് കമ്പനി എന്ന ഓഡിറ്റിങ് സ്ഥാപനത്തിനാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഈ സ്ഥാപനമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയത്. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടി വന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനിയാണ്. കേരള സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മറ്റൊരു സ്ഥാപനത്തെയാണ്. മുഖ്യമന്ത്രി വിശദീകരിച്ചു.
4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിർമിക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കലിനും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാർ നൽകിയതിൽ ഗുരുതര അഴിമതിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
'കൊവിഡ് പ്രതിരോധം അട്ടിമറിക്കാനായി പ്രതിപക്ഷം തുടർച്ചയായി ശ്രമിക്കുകയാണ്. ജനങ്ങൾ പ്രതിസന്ധിയിലായാലും സർക്കാരിനെ ആക്രമിക്കുക എന്നതാണ് അവരുടെ മാനസിക നില. പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും ഏകോദരസഹോദരങ്ങളെപ്പോലെയാണ് പെരുമാറുന്നത്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കാനല്ല, പാൽ കറക്കാൻ ഓടുകയാണ് പ്രതിപക്ഷം. പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് കേന്ദ്ര സർക്കാർ എംപാനൽ ചെയ്ത സ്ഥാപനമാണ്.' മുഖ്യമന്ത്രി പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |