ന്യൂഡൽഹി: കഴിഞ്ഞമാസം അതിർത്തിയിൽ സംഘർഷം ഉടലെടുത്തതിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ ഇന്ന് മൂന്നാം കൂടിക്കാഴ്‌ച നടത്തുന്നു. ഗാൽവൻ താഴ്‌വരയിൽ 20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ രക്തചൊരിച്ചിലിന് ശേഷം നടന്ന ചർച്ചയിലെ ധാരണകൾ നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും കൂടിക്കാഴ്‌ച.
വടക്കൻ ലഡാക്കിലെ ചുഷൂലിൽ ഇന്ത്യൻ അതിർത്തിയിലാണ് ചർച്ച. കഴിഞ്ഞ രണ്ടു തവണയും അതിർത്തി ചെക്ക് പോസ്‌റ്റായ മോൾഡയിൽ ചൈനയുടെ പ്രദേശത്തായിരുന്നു കൂടിക്കാഴ്‌ച. ഇന്നു രാവിലെ 10.30ന് തുടങ്ങുന്ന കൂടിക്കാഴ്‌ചയിൽ ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യൻ സംഘത്തെ നയിക്കും. ചൈനയുടെ സംഘത്തിന് ദക്ഷിണ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നേതൃത്വം നൽകുമെന്നാണ് സൂചന.
ജൂൺ 20ന് നടന്ന രണ്ടാമത്തെ കൂടിക്കാഴ്‌ച 11 മണിക്കൂറോളം നീണ്ടിരുന്നു. ഇരുപക്ഷവും സൈന്യത്തെ പിൻവലിക്കാൻ അന്ന് ധാരണയായെങ്കിലും അതിർത്തിയിൽ ചൈനയുടെ പ്രകോപനം കാരണം നടപ്പായില്ല. ജൂൺ ആറിന് ആദ്യ കൂടിക്കാഴ്‌ചയിലുണ്ടാക്കിയ ധാരണകൾ കാറ്റിൽപ്പറത്തിയാണ് ചൈന ഗാൽവൻ താഴ്‌വരയിൽ നിലവിട്ട് പെരുമാറിയത്.
ഇതിനിടെ ഇന്ത്യ കൂടുതൽ സേനയെയും ആകാശ് മിസൈൽ അടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങളും അതിർത്തിയിൽ വിന്ന്യസിച്ചു. കരസേനാ മേധാവി ജനറൽ എം. എം. നരാവനെയും വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബധൗരിയയും അതിർത്തിക്കു സമീപമുള്ള ലേയിലെ സൈനിക താവളങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ധാരണ പ്രകാരം സൈന്യത്തെ പിൻവലിക്കാൻ നടപടി തുടങ്ങിയെങ്കിലും പ്രകോപനങ്ങളെ തുടർന്ന് അതു തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമാൻഡർമാർ വീണ്ടുംകാണുന്നത്.
നയതന്ത്രതലത്തിൽ പ്രതിവാര ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സൈനിക-നയതന്ത്ര തലത്തിൽ ഒരേസമയം നടത്തുന്ന സമവായ ചർച്ചകളിലൂടെ സംഘർഷത്തിന് അയവുവരുത്താമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |