മുംബൈ: 2014 ഡിസംബറിൽ നടന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിലെ അഡലെയ്ഡ് ടെസ്‌റ്റിനെ കുറിച്ച് വൈകാരികമായ ഓർമ്മ കുറിപ്പുമായി സമൂഹ മാദ്ധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. നായകനായി കോഹ്‌ലിയുടെ അരങ്ങേറ്റമായിരുന്നു ആ ടെസ്റ്റ്. സവിശേഷവും പ്രധാനവുമായ ടെസ്റ്റ് എന്നായിരുന്നു അതിനെ വിരാട് വിശേഷിപ്പിച്ചത്. അന്നുവരെ ഇന്ത്യൻ നായകനായിരുന്ന മഹേന്ദ്രസിങ് ധോണിക്ക് വിശ്രമം അനുവദിച്ച പരമ്പര ആയിരുന്നു അത്. ആസ്ട്രേലിയക്കും വൈകാരികമായിരുന്നു ടെസ്റ്റ്. ടീം ഓപണറായിരുന്ന ഫിലിപ് ഹഗ്സ് ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ സീൻ അബോട്ടിന്റെ പന്തേറ്റ് മരണമടഞ്ഞത് ആഴ്ചകൾക്ക് മുൻപ് മാത്രമായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു കോഹ്‌ലിയുടെ കുറിപ്പ്.
അഡലെയ്ഡ് 2014 ലെ ടെസ്റ്റ് ഇരുവിഭാഗത്തിനും വൈകാരികത നിറഞ്ഞ ഒന്നായിരുന്നു. ഇന്നത്തെ ടെസ്‌റ്റ് ടീം എന്ന യാത്രയിലേക്കുളള കാരണമായ പ്രധാനപ്പെട്ട ഈ ടെസ്റ്റിനെ ഓർക്കുന്നുവെന്നും ജയം സാധ്യമായില്ലെങ്കിലും മനസ് വച്ചാൽ എന്തും സാധ്യമാകുമെന്ന് ആ ടെസ്റ്റ് ഞങ്ങളെ പഠിപ്പിച്ചുവെന്നും ഒരു ടെസ്റ്റ് ടീമെന്ന നിലയിൽ ഈ ടെസ്റ്റ് ഒരു പ്രധാന നാഴികകല്ലായി നിൽക്കുമെന്നും വൈകാരികമായി ഓർക്കുന്നു വിരാട് കോഹ്‌ലി. നാല് മത്സരമുണ്ടായിരുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-2ന് പരാജയപ്പെട്ടു. എന്നാൽ നാല് വർഷത്തിന് ശേഷം 2018-19ൽ കോഹ്‌ലിയുടെ നായകത്വത്തിൽ ആസ്ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തിയ ഇന്ത്യ, ആസ്ട്രേലിയയിൽ പരമ്പര വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |