തിരുവനന്തപുരം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം മലയാളത്തിലെ തിരക്കുള്ള നായികനടിയെയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിർന്ന നടനെയും സ്വാധീനിക്കാൻ ശ്രമം നടത്തിയതായി വിവരം. സ്വർണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണിൽ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചത്.
പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വർണ്ണക്കടത്തിന് പകരമായി സംഘം ഓഫർ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോൺ വഴി മാത്രമാണ്.
വിവാഹ ആലോചനയെന്ന വ്യാജേന ഫോണിൽ ബന്ധം പുലർത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടർന്നപ്പോൾ വിശ്വാസം നിലനിർത്താനായാൽ കൂടുതൽ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരിൽ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പാണ് പ്രമുഖ നായികനടിയെ ഇവർ ഫോണിൽ വിളിച്ച് സ്വർണ്ണകടത്തിന് ക്ഷണിച്ചത്.
ഫോൺ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭർത്താവ് തിരിച്ചുവിളിച്ചപ്പോൾ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാൻ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാത്തതിനാൽ നടന്നില്ല. ഷംനയുടെ പരാതിയിൽ പ്രതികൾ അറസ്റ്റിലായ ശേഷം ഫോൺ രേഖകൾ പരിശോധിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്ന പെൺകുട്ടികളെ വൻ വാഗ്ദാനം നൽകി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവിൽ സ്വർണമെല്ലാം ഊരിവാങ്ങി, തന്ത്രപൂർവം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുൻകാല സംവിധായകരിൽ ഒരാൾ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിർമിക്കാൻ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാൽ സംവിധായകന് പ്രശ്‌നമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |